Site iconSite icon Janayugom Online

മൊട്ടിനുള്ളിലെ വസന്തം

നിതാന്ത നിദ്രയിലാണ്ടുപച്ച-
പ്പുൽത്തലപ്പുപോലും മൂകം
വിരിഞ്ഞുനിന്ന പൂച്ചില്ലയൊന്നതിൽ-
നിന്നുതിർന്നുവീണു തളിരില
ഈ അർധരാത്രിയും
വെളിച്ചംവീശി
കൂരിരിട്ടുന്നുകൂട്ടായി
ഒരു കൊച്ചു കന്യക
നിദ്രവന്നിരുകൺകളിൽ
പുണരാൻ വെമ്പിനിൽക്കുന്നു-
വെന്നാകിലും
നീ പൂക്കുന്ന നിമിഷത്തെ
കാണാനായി കാത്തുനിൽക്കുന്നു-
വെന്ന് ചൊല്ലീയുൾത്തടം
പുൽത്തലപ്പിലമർന്നിരുന്നീ
തണുപ്പുള്ളതിലൊട്ടുമേയേശാതെ
നിൻവസന്തം കാത്തിരിക്കുന്നു
ഒരുമാത്രനിൻചിരി
കാണുവാനായീക്കൂരിരുട്ടിലും
അക്ഷമയായങ്ങിരിക്കെ-
ഞെട്ടി, എൻ കൺകളെ
ഞാൻ വിശ്വസിക്കുകെങ്ങനെ?
നീ വിരിഞ്ഞുവോ, സ്വപ്നമായിരുന്നോ?
കൺതുറന്നിരിക്കിലും ഞാൻ
കാണാതെപോയിതോ?
മയക്കത്തിലെൻ കൺകൾ
അടഞ്ഞതോ? നീ കാട്ടിയ
മായാവിലാസമോ?
നീ വിരിഞ്ഞു കഴിഞ്ഞു.
ഒരു മാത്ര ഞാനറിയാതെ
വസന്തവും പെയ്തുപോയ്
രഹസ്യമായി നിന്നിലലിഞ്ഞതോ
മറ്റാരും കാണാതെ
നിന്നെപ്പുണർന്നതോ
ഈ രാവിലിപ്പോൾ അവളൊറ്റയ്ക്ക്
നിൻ നേർക്കു ചോദ്യ-
ശരങ്ങൾ ഉയിർക്കയോ?
അപ്രതീക്ഷിത ദുഃഖം
അവളിൽപ്പെട്ടെന്നുയിർത്തു
നിൻമലർചന്തം കാണുമ്പോൾ
വിടരാനായാർത്ത
ചിരിച്ചന്തം വാടി-
ക്കണ്ണീർപ്പൊയ്ക, കവിളിൽ
ഒലിച്ചിറങ്ങി, അഗാധദുഃഖം.
വിടാരാതിരുന്നെങ്കിൽ ഒരു മാത്ര
നീ മൊട്ടായ്ത്തന്നെ നിന്നിരുന്നെങ്കിലൂം പൂവേ
വളർന്നുപോയ പൈതങ്ങൾതൻ
താതൻ തന്നാശകൾ പോലെ
ആശിക്കാതിരിക്ക, ഈ-
ഉലകത്തിൽ നിത്യദുഃഖത്തിലേക്കൊട്ടും-
പൊകാതിരിക്കാനൊരു മാർഗം മാത്രം
ആശകൾ നൽകാതിരിക്ക. 

Exit mobile version