Site iconSite icon Janayugom Online

ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് ഒഴിവാക്കാൻ നീക്കം

നടന്‍ ദിലീപിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് ഒഴിവാക്കാൻ നീക്കം. സംഘടനയുടെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായ ആന്റണിയെയും പുറത്താക്കാന്‍ ഫിയോക് ഭരണഘടന ഭേദഗതിക്കാണ് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. ഇക്കാര്യത്തിലെ അന്തിമതീരുമാനം 31ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിലുണ്ടാകും.

അതേസമയം, മരക്കാര്‍ സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന ഒടിടി റിലീസ് വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ഒക്ടോബറില്‍ ഫിയോക്കില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ രാജിവെക്കുന്നതായി അറിയിച്ചിരുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഫിയോക് ചെയര്‍മാന്‍ കൂടിയായ നടന്‍ ദിലീപിന് ആന്റണി പെരുമ്പാവൂര്‍ അന്ന് രാജി നല്‍കിയത്. ഒടിടി റിലീസ് സംബന്ധിച്ച അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് ഇരുവരെയും പുറത്താക്കാനുള്ള നീക്കം സംഘടനക്കുള്ളില്‍ നടക്കുന്നത്. ഫിയോക് ഭാരവാഹിത്വം വഹിച്ചിട്ടും ഒടിടി റിലീസുകളെ പിന്തുണയ്ക്കുന്ന നടപടിയില്‍ രൂക്ഷ വിമര്‍ശനമാണ് ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നത്.

2017ലാണ് ഫിലീം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്ന് ദിലീപിന്റെ നേതൃത്വത്തില്‍ ഫിയോക് ആരംഭിച്ചത്. അന്ന് തന്നെ ആജീവനാന്ത ചെയര്‍മാനായി ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായി ആന്റണിയെയും നിശ്ചയിക്കുകയായിരുന്നു. ഈ രണ്ട് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്നും ഭരണഘടനയില്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് സംഘടനക്കുള്ളില്‍ അഭിപ്രായഭിന്നത ആരംഭിച്ചത്.

അതിന്റെ തുടര്‍ച്ചയായാണ് ദിലീപിനെയും ആന്റണിയെയും പുറത്താക്കാനുള്ള നീക്കവും നടക്കുന്നത്. നേരത്തെ ദുല്‍ഖര്‍ സല്‍മാനും താരത്തിന്റെ നിര്‍മാണ കമ്പനിക്കും ഫിയോക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സല്യൂട്ട് സിനിമയുടെ ഒടിടി റിലീസിന്റെ പേരിലായിരുന്നു നടപടി. വ്യവസ്ഥകള്‍ ലംഘിച്ചാണ് സല്യൂട്ട് ഒടിടിക്ക് നല്‍കിയത് എന്നായിരുന്നു ഫിയോക്കിന്റെ ആരോപണം.

eng­lish sum­ma­ry; Move actor Dileep and pro­duc­er Antony Perum­bavoor out of Fiok

you may also like this video;

Exit mobile version