Site icon Janayugom Online

കളമശേരി എച്ച് എം ടി അന്ത്യപ്രതിരോധത്തിലേയ്ക്ക് നിയമനങ്ങളില്ല ‚സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ നീക്കം

കേന്ദ്ര സർക്കാർ അവഗണയിൽ കേരളത്തിന്റെ അഭിമാന സ്‌തംഭമായിരുന്ന ഒരു പൊതുമേഖല സ്ഥാപനം കൂടി മരണത്തിലേയ്ക്ക് . കളമശേരിയിലെ എച്ച് എം ടി കേന്ദ്ര സർക്കാർ നയങ്ങളുടെ ഭാഗമായി നിവർന്നുനിൽക്കാനുള്ള അവസാന പോരാട്ടത്തിലാണ്. എച്ച് എം ടി യെ കളമശ്ശേരിയില്‍ നിലനിര്‍ത്തി സംരക്ഷിക്കാനാവണമെങ്കില്‍ എല്ലാ വിഭാഗങ്ങളിലും അടിയന്തിരമായി നിയമനങ്ങള്‍ നടത്തേണ്ടതുണ്ടു്. നിയമനം ഇവിടെതന്നെ നടത്തുകയും വേണം. നിയമനം ബാംഗ്ലൂരിലേയ്ക്കു് മാറ്റാനുള്ള പരിശ്രമം നടക്കുകയാണെന്ന് കമ്പനിയിലെ യൂണിയനുകൾ പറയുന്നു .

2021 അവസാനം തൊഴിലാളികളുടെ എണ്ണം 100 ല്‍ താഴെയാവും. മൂന്നു് ഷിഫ്ടുകളിലായി 3500 തൊഴിലാളികള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമായിരുന്നു ഇത് . വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ കുറവു മൂലം സ്ഥാപനം പ്രതിസന്ധി നേരിടുകയാണ് ഏറെ പ്രധാനപ്പെട്ട ഫൌണ്ടറിയില്‍ യോഗ്യനായ ഒറ്റ സ്ഥിരം തൊഴിലാളി പോലുമില്ല. മുമ്പു് 300 ന്‍ അധികമാളുകള്‍ ഉണ്ടായിരുന്നതാണു്. ഇപ്പോള്‍ 50 ല്‍ പരം കരാര്‍ ജീവനക്കാര്‍മാത്രം. ഫര്‍ണസ് മൂന്നു് ഷിഫ്ടു് പ്രവര്‍ത്തിപ്പിക്കാന്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാരും മോള്‍ഡര്‍മാരും വേണ്ട സ്ഥാനത്തു് ഒരു ഐടിഐ ഇലക്ട്രീഷ്യന്‍ മാത്രമാണുള്ളതു്. പ്രിന്റിങ്ങ് മെഷീന്‍ നിര്‍മ്മാണ യൂണിറ്റടക്കം മറ്റിതര യൂണിറ്റുകളുടേയും സ്ഥിതി വ്യത്യസ്തമല്ല. 1990 ല്‍ 181 എഞ്ചിനിയറിങ്ങ് ബിരുദധാരികളും 318 ഡിപ്ലോമക്കാരും 1080 ഐടിഐക്കാരും 125 മറ്റു് ബിരുദധാരികളും 1500 ഓളം മറ്റുള്ളവരും ഉണ്ടായിരുന്ന സ്ഥാപനമാണു് നിലവില്‍ കരാര്‍ ജീവനക്കാരെ മാത്രം ആശ്രയിച്ചു് പ്രവര്‍ത്തിക്കുന്നതു്. ശമ്പള പരിഷ്കരണം നടക്കാത്തതു് മൂലം സ്ഥിരം തൊഴിലാളികള്‍ വിട്ടു് പോകുന്നതും കരാര്‍ ജീവനക്കാര്‍ മറ്റു് പണി കിട്ടിയാല്‍ പോകുന്നതും പ്രവര്‍ത്തനത്തെ ബാധിക്കുന്നു. പരിചയസമ്പന്നരായ തൊഴിലാളികള്‍ പുറത്തു് പോകുന്നതും പുതിയ തൊഴിലാളികള്‍ വരാതിരിക്കുന്നതും മൂലം വൈദഗ്ദ്ധ്യ കൈമാറ്റത്തിലെ തുടര്‍ച്ച ഇല്ലാതെ പോകുന്നു. അടിയന്തിരമായി നിയമനം നടത്താത്ത പക്ഷം ഈ നിര്‍മ്മാണ സ്ഥാപനത്തിന്റെ അന്ത്യമാവും ഫലമെന്ന് നിലവിലുള്ള തൊഴിലാളികൾ പറയുന്നു .

മെഷീന്‍ ടൂള്‍സിന്റേയും നേവി, റെയില്‍വെ, എയ്റോസ്പേസ് തുടങ്ങിയ നിര്‍ണ്ണായക മേഖലകള്‍ക്കാവശ്യമായ യന്ത്രഭാഗങ്ങളുടേയും നിര്‍മ്മാണ വൈദഗ്ദ്ധ്യം സ്ഥാപനത്തിലും രാജ്യത്തു് തന്നെയും നിലനില്കണമെങ്കില്‍ നിലവിലുള്ളവര്‍ വിരമിക്കുന്നതിനു് മുമ്പു് സ്ഥിരം തൊഴിലാളികളുടെ നിയമനം നടത്തേണ്ടതുണ്ടു്. നിയമനം നടത്തുമ്പോള്‍ നിലവിലുള്ള താല്കാലിക തൊഴിലാളികളേയും പരിഗണിക്കുന്നതു് സ്ഥാപനത്തിനു് മുതല്‍ കൂട്ടാവും. 2013 ല്‍ നടത്തിയ റിക്രൂട്ട്മെന്റില്‍ അത്തരത്തില്‍ പരിഗണിച്ചിട്ടുള്ളതാണു്.
തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുകയും ഈ വര്‍ഷത്തിലും 3.5 കോടി രൂപ ലാഭം കാണിക്കുകയും ചെയ്യുന്ന കളമശ്ശേരി യൂണിറ്റു് നിലനിര്‍ത്താന്‍ അടിയന്തിരമായി നിയമനം നടത്തുകയും ശമ്പള പരിഷ്കരണം നടപ്പാക്കുകയും വേണം. അതില്ലാതെപോകുന്നതു് സ്ഥാപനത്തിന്റെ നിലനില്പു് അനിശ്ചിതത്വത്തിലാക്കുമെന്ന് തൊഴിലാളികൾ ഒന്നടകം പറയുന്നു .

ആധുനിക ഇന്ത്യയുടെ അമ്പലങ്ങൾ” എന്ന് പേരിട്ട് വിളിച്ചു കൊണ്ട് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ആയിരുന്നു ഇന്ത്യയുടെ വ്യവസായവത്കരണത്തിന് വേഗം പകരാനായി വിവിധ വ്യവസായ മേഖലകളിലായി പൊതുമേഖലാ കമ്പനികൾ തുടങ്ങുന്നതിന് നേതൃത്വം കൊടുത്തത്. അങ്ങിനെയാണ് 1953 ൽ “രാജ്യത്തിന്റെ രത്നം” എന്ന് പേരിട്ട് ഹിന്ദുസ്ഥാൻ മഷീൻ ടൂൾസ് എന്ന പൊതുമേഖലാ സ്ഥാപനം ബാംഗ്ലൂർ ആസ്ഥാനമാക്കി തുടങ്ങുന്നത്. ഏത് വ്യവസായവത്കരണത്തിന്റെയും മദർ ഇൻഡസ്ട്രി ( അമ്മ വ്യവസായം) ആണ് മഷീൻ ടൂൾസ് വ്യവസായം. ലോകത്ത് ഏത് കാലഘട്ടങ്ങളിലും ഏത് പ്രദേശത്തും നടന്ന, ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന വ്യവസായവത്കരണത്തിന്റെ അവിഭാജ്യ ഘടകമാണ് മഷീൻ ടൂൾസ്.

1966 ജൂലൈ ഒന്നിനാണ് കളമശ്ശേരിയിൽ 900 ഏക്കർ സ്ഥലത്ത്, വരും വർഷങ്ങളിൽ വിപുലമായ അനുബന്ധ വ്യവസായ വികസന സാധ്യതകളുമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കളമശ്ശേരി എച്ച് എം ടി ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിൽ മാത്രമാല്ല വികസിത രാജ്യങ്ങളടക്കം വിവിധ ലോക രാഷ്ട്രങ്ങളിലേക്ക് മഷീൻ ടൂൾസ് നിർമിച്ച് നൽകി എച്ച് എം ടി രാജ്യത്തിൻറെ അഭിമാനം ഉയർത്തി . കേന്ദ്രത്തിൽ പി വി നരസിംഹ റാവുവിന്റെ സർക്കാരിന്റെ കാലത്തു ആരംഭിച്ച കഷ്ട്ട കാലം മൻമോഹൻസിങ്ങിന്റെ കാലത്തു ഉച്ചസ്ഥായിയിലായി .എന്തും സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന ബി ജെ പി സർക്കാർ രാജ്യത്തെ ഏറ്റവും വലിയ ആയുധസംഭരണ ശാലയടക്കം പ്രവർത്തിക്കുന്ന ഒരു മേഖലയിലെ കണ്ണായ സ്ഥലം സ്വകാര്യ മേഖലയ്ക്ക് കൈമാറുമോ .ഇനി മാസങ്ങളുടെ കാത്തിരിപ്പിൽ കാര്യങ്ങൾ അറിയാൻ കഴിയും.

Eng­lish sum­ma­ry; hmt Move to trans­fer to pri­vate sector

You may also like this video;

Exit mobile version