Site iconSite icon Janayugom Online

പൊതുതെരഞ്ഞെടുപ്പ് മുന്ന‍ില്‍ക്കണ്ടുള്ള നീക്കങ്ങള്‍

2024 തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് രാജ്യത്തെ ജനങ്ങളെ പാകപ്പെടുത്താനുള്ള തത്രപ്പാടിലാണ് ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ ദുരിതം അനുഭവിച്ച ജനങ്ങളുടെ മുമ്പില്‍ വാഗ്ദാനങ്ങളുടെ പെരുമഴ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഒന്നാം ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. 2019 ലും‍ രണ്ടാമത് മോഡി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത്. 2024 ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതെ വാഗ്ദാനങ്ങള്‍തന്നെ നല്കി ജനങ്ങളെ സമീപിക്കാന്‍ കഴിയില്ല എന്ന പൂര്‍ണബോധ്യത്തോടെയാണ് ആര്‍എസ്എസ് നേതൃത്വം നല്കുന്ന സംഘ്പരിവാര്‍ സംഘടനകളും അവരുടെ രാഷ്ട്രീയ മുഖമായ ബിജെപിയും രാഷ്ട്രീയ തന്ത്രങ്ങള്‍ തയാറാക്കി നീങ്ങുന്നത്. 1925 ല്‍ രൂപീകൃതമായ ആര്‍എസ്എസ് 2025 ആകുമ്പോള്‍ നൂറു വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കായി കൂടുതല്‍ ശക്തമായി മുന്നോട്ടു പോകാനുള്ള പദ്ധതികള്‍ക്കാണ് രൂപം കൊടുത്ത് നടപ്പില്‍ വരുത്തുന്നത്.
ആര്‍എസ്എസിന്റെ അഖിലേന്ത്യാ സമ്മേളനവും അതിനുശേഷം ഹൈദരാബാദില്‍ ചേര്‍ന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവും 2024 ലെ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ബിജെപിക്ക് കാര്യമായി ഇപ്പോഴും ഇടപെടാന്‍ കഴിയാത്ത തെക്കേ ഇന്ത്യയെ ലക്ഷ്യമാക്കി തയാറാക്കിയ പരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ആര്‍എസ്എസിന്റെ രാഷ്ട്രീയ മുഖമായ ബിജെപിയും നീക്കങ്ങള്‍ ശക്തിപ്പെടുത്തി. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള സംഘടിതമായ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രവാചകനിന്ദയെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും വാരാണസി, കുത്തബ് മിനാര്‍, മഥുര എന്നീ സ്ഥലങ്ങളെയും താജ്മഹലിനെയും കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഉന്നയിച്ചതും സ്ഥലനാമങ്ങള്‍ മാറ്റുന്നതും പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയതും അവരുടെ രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമാണ്. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നിന്നും അവരുടെ ശ്രദ്ധ തിരിച്ചുവിട്ട് ജനങ്ങളെ വംശീയാടിസ്ഥാനത്തില്‍ വേര്‍തിരിച്ച് തങ്ങളുടെ ശക്തി കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചിരിക്കുകയാണ് അവര്‍. കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കും, ഓരോ വര്‍ഷവും യുവാക്കള്‍ക്ക് രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, സ്ത്രീകളുടെ ദുരിതങ്ങള്‍ പരിഹരിക്കും, സ്ത്രീകള്‍ക്ക് പുതിയ തൊഴില്‍ സൃഷ്ടിക്കും. തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തും, വിലക്കയറ്റം തടയും, ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തും തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്കി അധികാരത്തില്‍ വന്ന നരേന്ദ്രമോഡി അതെല്ലാം വിസ്മരിച്ച് തങ്ങളുടെ സാമ്പത്തിക – രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിലാണ് കേന്ദ്രീകരിച്ചത്. അതിന്റെ ഫലമായി ജനജീവിതം ദുരിതമായതിനെ തുടര്‍ന്ന് വിവിധ ജനവിഭാഗങ്ങള്‍ തെരുവിലിറങ്ങുന്നതാണ് രാജ്യം കണ്ടത്. തൊഴിലാളികള്‍, കര്‍ഷകര്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ വിഭാഗം ജനങ്ങള്‍ നടത്തുന്ന ശക്തമായ പ്രക്ഷോഭങ്ങള്‍ അതാണ് കാണിക്കുന്നത്.


ഇതുകൂടി വായിക്കൂ:  തെരഞ്ഞെടുപ്പ് ബോണ്ട്: വൈകുന്ന നീതി


എന്നാല്‍ ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ അടിച്ചമര്‍ത്തുന്ന നടപടികള്‍ ശക്തിപ്പെടുത്തുകയാണ്. വിയോജിപ്പുകള്‍ക്ക് ഇടമില്ല എന്ന് പ്രഖ്യാപിക്കുന്നു. ഭയപ്പാട് സൃഷ്ടിച്ച്, അടങ്ങിയൊതുങ്ങി കഴിയുക എന്ന സന്ദേശമാണ് സംഘ്പരിവാര്‍ സംഘടനകള്‍ നല്കുന്നത്. ഭിന്നാഭിപ്രായങ്ങളും വിയോജിപ്പുകളും അനുവദിക്കില്ല എന്ന നിലപാട് പാര്‍ലമെന്റിനകത്തും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു. ജനങ്ങളുടെ അഭിപ്രായങ്ങളാണ് ജനങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റില്‍ ഉന്നയിക്കുന്നത്. അതിനുള്ള വിലക്കാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വിലക്കിലൂടെ‍ പാര്‍ലമെന്റ് അംഗങ്ങളുടെ വായ മൂടിക്കെട്ടുകയാണ്. പാര്‍ലമെന്റ് അംഗങ്ങള്‍ സഭയില്‍ ഉന്നയിക്കുന്ന അഭിപ്രായങ്ങള്‍ വള്ളിപുള്ളി തെറ്റാതെ പാര്‍ലമെന്റില്‍ രേഖപ്പെടുത്തുന്നു. അതിലൂടെ രാജ്യത്തെ ജനങ്ങളുടെ വികാരങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ ഇവയെല്ലാം രേഖപ്പെടുത്തലാണ് നടക്കുന്നത്. രാജ്യത്തിലെ ജനങ്ങളുടെ ജീവിത ചരിത്രമാണ് അതിലൂടെ രേഖപ്പെടുത്തുന്നത്. അത് രാജ്യചരിത്രത്തിന്റെ ഭാഗമാകുകയാണ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വിമര്‍ശനങ്ങള്‍ പാര്‍ലമെന്റ് രേഖകളില്‍ ഉണ്ടാകരുത്. വിമര്‍ശനങ്ങള്‍ രാജ്യ ചരിത്രത്തിന്റെ ഭാഗമാകാന്‍ പാടില്ല എന്ന ചിന്തയില്‍ നിന്നാണ് 60 ലധികം വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതായി പ്രഖ്യാപിച്ചത്. അത്രയും വാക്കുകള്‍ നിരോധിച്ചതിലൂടെ അംഗങ്ങള്‍ക്ക് വായ് തുറന്നു സംസാരിക്കാന്‍ കഴിയാത്ത നിലയിലാവുകയാണ്. അംഗങ്ങളുടെ വായ മൂടിക്കെട്ടുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പാര്‍ലമെന്റിന്റെ പ്രസക്തി ഇല്ലാതാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
അശോകസ്തംഭം രൂപം മാറ്റിയാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിനു മുന്നില്‍ സ്ഥാപിച്ചത്. അശോകസ്തംഭത്തിന്റെ രൂപം മാറ്റിയത് എന്തിനുവേണ്ടിയാണ്. രൂപഭേദത്തിലൂടെ ജനങ്ങള്‍ക്ക് ഫാസിസ്റ്റ് ശക്തികളുടെ സന്ദേശം നല്കാനാണ് നരേന്ദ്രമോഡിയുടെ ലക്ഷ്യം. ഇതെല്ലാം ആസൂത്രിതമായി തയാറാക്കുന്നതാണ്. കലിംഗ യുദ്ധത്തില്‍ പതിനായിരക്കണക്കിന് ജനങ്ങളുടെ ശവശരീരങ്ങളും‍ രക്തപ്പുഴയും കണ്ട് മനഃപരിവര്‍ത്തനം വന്ന് ബുദ്ധമതം സ്വീകരിച്ച ചക്രവര്‍ത്തിയായിരുന്നു അശോകന്‍. അശോക ചക്രവര്‍ത്തിയാണ് അശോകസ്തംഭത്തിന് രൂപം നല്കിയത്. യുദ്ധത്തിനുശേഷം, സ്നേഹസന്ദേശം മാനവരാശിക്ക് മുമ്പില്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് അശോക ചക്രവര്‍ത്തി അശോകസ്തംഭത്തിന് രൂപം നല്കിയിരുന്നത്.


ഇതുകൂടി വായിക്കൂ: പ്രതിമകളിൽ പ്രചരിക്കുന്ന വിദ്വേഷ രാഷ്ട്രീയം


അശോകസ്തംഭം ഇന്ത്യയുടെ ദേശീയ ചിഹ്നമാക്കി സ്വാതന്ത്ര്യത്തിനുശേഷം സ്വീകരിക്കുകയായിരുന്നു. നാലു ദിക്കുകളിലും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് അശോകസ്തംഭം ഉയര്‍ത്തിയത്. ഇപ്പോള്‍ സ്ഥാപിച്ച നാലു സിംഹങ്ങളുടെയും രൂപഭാവം ആകെ മാറി. വിദ്വേഷവും രോഷവും പ്രകടിപ്പിക്കുന്ന സിംഹങ്ങളെയാണ് ദേശീയ ചിഹ്നത്തിന്റെ ഭാഗമാക്കിയത്. ശാന്തിയുടെയും സ്നേഹത്തിന്റെയും സന്ദേശം നല്‍കുന്നതിന് പകരം വിദ്വേഷവും ഭയവും ജനിപ്പിക്കുന്നതാണ് പുതിയ ചിഹ്നം. സംഘ്പരിവാര്‍ സംഘടനകള്‍ ഹിന്ദുമത വിശ്വാസികളുടെ ഹൃദയത്തിലുള്ള ഹനുമാനെയും ശ്രീരാമനെയും അല്ല പ്രതിനിധീകരിക്കുന്നത്. ശാന്ത ഭാവവും സ്നേഹമസൃണമായ ചെറു പുഞ്ചിരിയും അനുഗ്രഹവും ഭാവുകങ്ങളും നല്കുന്ന ഹനുമാനെയും ശ്രീരാമനെയും വിശ്വാസികളുടെ മുമ്പില്‍ നിന്നും മായ്ച്ചുകളയാന്‍ ശ്രമം നടക്കുന്നു. വില്ലുകുലച്ച് യുദ്ധത്തിന് തയാറെടുക്കുന്ന രൗദ്രഭാവമുള്ള ശ്രീരാമനെയും അക്രമോത്സുകനായ ഹനുമാനെയുമാണ് അവതരിപ്പിക്കുന്നത്. ഇതെല്ലാം ബോധപൂര്‍വമായ നീക്കങ്ങളാണ്. ഹിന്ദു രാഷ്ട്ര നിര്‍മ്മിതിക്കായി തയാറെടുക്കാന്‍ വിശ്വാസികളെ തയാറാക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കങ്ങളെല്ലാം.
ഹൈദരാബാദില്‍ ചേര്‍ന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് തെക്കേ ഇന്ത്യയിലും താമര വിരിയിക്കാന്‍ ശ്രമം നടത്തുകയാണ്. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, കേരളം എന്നീ തെക്കന്‍ സംസ്ഥാനങ്ങളില്‍ ശ്രദ്ധചെലുത്താനാണ് ഇപ്പോള്‍ നീക്കം. അതിനായി എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ പരിപാടികള്‍ തയാറാക്കിവരുന്നു. പാലക്കാട് കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗം അതാണ് ചര്‍ച്ചചെയ്തത്. അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ബി സന്തോഷ് നടത്തിയ പ്രസംഗങ്ങള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2024 ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് എസ് ജയശങ്കര്‍, വിദേശകാര്യ മന്ത്രി എന്ന നിലയിലുള്ള എല്ലാ തിരക്കുകളും മാറ്റിവച്ച് തിരുവനന്തപുരത്ത് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ വിലയിരുത്തുക, ബിജെപിയുടെ രാഷ്ട്രീയലക്ഷ്യം നടപ്പിലാക്കുക എന്ന ദൗത്യമാണ് അദ്ദേഹം നിര്‍വഹിച്ചത്. റോഡുകളിലെ കുഴികള്‍ പോലും അദ്ദേഹം പരിശോധിക്കുകയുണ്ടായി. സംസ്ഥാന ഗവണ്‍മെന്റിനെ വിമര്‍ശിക്കാനും മുന്നോട്ടുവന്നു. കേന്ദ്ര മന്ത്രി ഭഗവത് ഖുബ പാലക്കാട്ടും സന്ദര്‍ശിക്കുന്നു. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കേന്ദ്രമന്ത്രി അശ്വനി കുമാര്‍ പരിപാടികളില്‍ പങ്കെടുത്തു. ഇവരെല്ലാം വികസന പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതും പണം അനുവദിക്കുന്നതും കേന്ദ്ര ഗവണ്‍മെന്റാണ് എന്ന പ്രചാരം സംഘടിപ്പിക്കുന്നതിനാണ് ശ്രമിച്ചത്. എല്‍ഡിഎഫ് ഗവണ്‍മെന്റിനും എല്‍ഡിഎഫിനും എതിരായി ശക്തമായ പ്രചരണമാണ് കേരളത്തില്‍ നടന്നത്. സാമൂഹ്യ എന്‍ജിനീയറിങ്ങിലൂടെ വടക്കേ ഇന്ത്യയില്‍ നടത്തിയ രാഷ്ട്രീയമാറ്റങ്ങള്‍ തെക്കേ ഇന്ത്യയിലും നടപ്പില്‍ വരുത്തുവാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. കേന്ദ്ര ഭരണസ്വാധീനം ഉപയോഗിച്ച് പട്ടികജാതി — പട്ടികവര്‍ഗ വിഭാഗങ്ങളില്‍ സ്വാധീനം വളര്‍ത്താന്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്‍ജിഒ സംഘടനകള്‍ രൂപീകരിച്ച് കേന്ദ്ര ഫണ്ട് ലഭ്യമാക്കി ആ മേഖലകളില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. മുന്നാക്ക – പിന്നാക്ക ജനവിഭാഗങ്ങളെയും മുസ്‌ലിം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങളെയും സംസ്ഥാനത്തെ വിവിധ സാമൂഹ്യ, മത, ജാതി വിഭാഗങ്ങളെയും തങ്ങളുടെ കൂടെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നേരത്തെതന്നെ ആരംഭിച്ചതാണ്. അവരെയെല്ലാം പ്രതിനിധീകരിക്കുന്ന നിരവധി സംഘടനകള്‍, എന്‍ജിഒ സംഘാടക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്രിസ്തീയ മതവിഭാഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതിനായി രൂപീകരിച്ച അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ സര്‍വീസ് ട്രസ്റ്റ് എന്ന സംഘടന വിശ്വാസികളുടെ സംഗമം സംഘടിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യ – വര്‍ഗബോധത്തെ തച്ചുടച്ച് മാത്രമെ തങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയൂ എന്ന് മനസിലാക്കിയാണ് ഇങ്ങനെ നീക്കങ്ങള്‍ നടത്തുന്നത്. കേരളത്തിലെ ഇടതുപക്ഷത്തെ തകര്‍ക്കുകവഴി തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കുവാന്‍ കഴിയും എന്ന അഹങ്കാരവും അവര്‍ക്കുണ്ട്.


ഇതുകൂടി വായിക്കൂ: ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം കുറയുന്നു


2024 ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പൂര്‍ണമായും പരാജയപ്പെടുത്തണമെന്ന നീക്കവുമായി ഇടതുപക്ഷവിരുദ്ധ ശക്തികളെല്ലാം ഒരുമിപ്പിക്കുകയാണ് ലക്ഷ്യം. 2024 ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഇല്ലാത്ത ലോക്‌സഭയായിരിക്കണം രൂപപ്പെടുത്തേണ്ടത് എന്ന രാഷ്ട്രീയ അജണ്ട കോര്‍പറേറ്റുകള്‍ക്കും ആഗോള – ദേശീയ ധന മൂലധനശക്തികള്‍ക്കും ഉണ്ട്. അത് കൈവരിക്കാന്‍ കഴിയണമെങ്കില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും ഗവണ്‍മെന്റിനെയും ദുര്‍ബലപ്പെടുത്തുക എന്നത് പരമപ്രധാനമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി സംസ്ഥാനത്ത് ഉണ്ടാകരുത് എന്നാണ് യുഡിഎഫ് — ബിജെപി ലക്ഷ്യം. ജമാഅത്ത് ഇസ്‌ലാമി, എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയവയും അവരോടൊപ്പം അണിനിരക്കുന്നു. കോര്‍പറേറ്റ് — ധനമൂലധന ശക്തികളുടെ കയ്യിലും സ്വാധീനത്തിലുമാണ് ഇന്ത്യന്‍ മാധ്യമമേഖല. അച്ചടി, ദൃശ്യ സമൂഹമാധ്യമങ്ങളെല്ലാം ഒരുമിച്ച് കേരള ഗവണ്‍മെന്റിനും എല്‍ഡിഎഫിനും എതിരായി ശക്തമായ പ്രതിരോധം ഉയര്‍ത്തുന്ന രാഷ്ട്രീയ സാഹചര്യമാണ് കേരളത്തില്‍ കാണുന്നത്. അഖിലേന്ത്യാടിസ്ഥാനത്തില്‍ ബിജെപി — സംഘ്പരിവാര്‍ ശക്തികള്‍ ആസൂത്രണം ചെയ്ത നീക്കത്തിന്റെ ഭാഗമാണിത്. കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും അവരോട് കൈകോര്‍ത്തു നീങ്ങുന്ന രാഷ്ട്രീയ സമീപനമാണ് സ്വീകരിക്കുന്നത്. ദേശീയാടിസ്ഥാനത്തില്‍ ബിജെപി — സംഘ്പരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ ഫലപ്രദമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ പോലും കേരളത്തിലെ കോണ്‍ഗ്രസ് തയാറാകുന്നില്ല. കേരള നിയമസഭയിലും പുറത്തും കേന്ദ്ര ഗവണ്‍മെന്റ് ബജറ്റിനെതിരായി ശബ്ദമുയര്‍ന്നില്ല, അവരുടെ എല്ലാ പ്രചരണങ്ങളും മതനിരപേക്ഷ സമീപനം സ്വീകരിക്കുന്ന എല്‍ഡിഎഫിന് എതിരായിട്ടാണ്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയിക്കാന്‍ കഴിയണമെങ്കില്‍ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി ആവര്‍ത്തിക്കരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനുവേണ്ടിയുള്ള നീക്കമാണ് കോണ്‍ഗ്രസ് കേരളത്തില്‍ ആവിഷ്ക്കരിച്ചത്. അതിന് എല്ലാ പിന്തുണയും കേന്ദ്ര ഗവണ്‍മെന്റും ബിജെപി — സംഘ്പരിവാര്‍ ശക്തികളും നല്കുന്നുണ്ട്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം 2024 ലും ആവര്‍ത്തിച്ചാല്‍ കേരളത്തില്‍ യുഡിഎഫിന്റെ നില പരുങ്ങലിലാകും. അത് മനസിലാക്കി എല്ലാ ഇടതുപക്ഷ വിരുദ്ധരേയും ഒരുമിപ്പിക്കാനുള്ള നീക്കമാണ് സംസ്ഥാനത്ത് നടക്കുന്നത്.
ഇടതുപക്ഷത്തെ തളര്‍ത്താനുള്ള നീക്കത്തിനെതിരായ രാഷ്ടീയ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട സാഹചര്യങ്ങള്‍ സംസ്ഥാനത്തുണ്ട്. ഗവണ്‍മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കടമ. കേന്ദ്ര ഗവണ്‍മെന്റിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരായി ശക്തമായ പ്രക്ഷോഭങ്ങളും ഉയര്‍ത്തിക്കൊണ്ടുവരണം. സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തളര്‍ത്തുക എന്നതാണ് കേന്ദ്ര ഗവണ്‍മെന്റിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും ലക്ഷ്യം. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും പുറത്തു കടക്കുന്നതിനായി കേരളത്തെ സഹായിക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയാറാകുന്നില്ല. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സംസ്ഥാനത്തിന്റെ വായ്പ എടുക്കുവാന്‍ പോലും സാങ്കേതിക കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിസന്ധി ഉണ്ടാക്കുന്നു. കിഫ്ബി പദ്ധതിയെ തടസപ്പെടുത്താന്‍ നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്നു.


ഇതുകൂടി വായിക്കൂ: കേന്ദ്ര ഏജന്‍സികള്‍ ബിജെപിയുടെ ബി ടീമായി മാറുന്നു


മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി നോട്ടീസ് അയച്ചത് ഗവണ്‍മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനാണെന്നത് വ്യക്തമാണ്. എല്‍ഡിഎഫിനും ഗവണ്‍മെന്റിനും എതിരായി എല്ലാ വലതുപക്ഷ ശക്തികളെയും വര്‍ഗീയ ശക്തികളെയും ഒന്നിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് കേരളത്തില്‍ നടത്തുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് ഈ നീക്കങ്ങളെല്ലാം എന്ന് വ്യക്തമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫും ബിജെപിയും നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തുക എന്നതാണ് കേരള രാഷ്ട്രീയത്തിലെ ഇന്നത്തെ പ്രധാന കടമ. ജനങ്ങളെ യോജിപ്പിച്ച് അണിനിരത്തുന്നതിന് ആവശ്യമായ പദ്ധതികള്‍ തയാറാക്കി മുന്നോട്ടുപോകണം. കേരളത്തിലെ എല്‍ഡിഎഫിനും ഗവണ്‍മെന്റിനും ഇടതുപക്ഷ വിശ്വാസികള്‍ മാത്രമല്ല, മതനിരപേക്ഷ – ജനാധിപത്യ വിശ്വാസികളില്‍പ്പെട്ടവരും മതവിശ്വാസികളും പിന്തുണ നല്കുന്നുണ്ട്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അതാണ് വ്യക്തമാക്കിയത്.
ആ ജനവിഭാഗങ്ങളുടെ വിശ്വാസം കൂടുതല്‍ ആര്‍ജിക്കുന്നതിനുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകണം.
ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി, പോരായ്മകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് പരിഹരിച്ച് മുന്നോട്ടുപോകണം. ഇടതുപക്ഷം എല്ലാക്കാലത്തും സ്വീകരിക്കുന്ന നിലപാടാണിത്. വിവാദങ്ങള്‍ ഒഴിവാക്കുന്നതിന് രാഷ്ട്രീയമായ ജാഗ്രത ഉണ്ടാകണം. വിവാദങ്ങള്‍ക്ക് ഒരിക്കലും അവസരം ഉണ്ടാക്കരുത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും ഗവണ്‍മെന്റിനെയും കൂടുതല്‍ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ വിശ്വാസം കൂടുതല്‍ ആര്‍ജിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ഇന്ത്യയിലെ ഇടതുപക്ഷ – മതേതര ശക്തികളും അവരെ പിന്തുണയ്ക്കുന്ന ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്.

Exit mobile version