Site iconSite icon Janayugom Online

രാജ്യസഭയില്‍ ഇന്നും എംപിക്ക് സസ്പെന്‍ഷന്‍

രാജ്യസഭയിൽ പ്രതിഷേധിച്ച ഒരു എംപിക്ക് കൂടി സസ്പെൻഷൻ. ആംആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങിനെതിരെയാണ് ഇന്നത്തെ നടപടി. രാജ്യസഭയിൽ ഇന്നലെ പേപ്പർ വലിച്ചു കീറി എറിഞ്ഞതിനാണ് സസ്പെൻഷനെന്ന് പാര്‍ലമെന്റ്കാര്യസഹമന്ത്രി വി മുരളീധരന്‍ വിശദീകരിച്ചു. വെളളിയാഴ്ച വരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ നടപടിയെടുത്ത പ്രതിപക്ഷ എംപിമാരുടെ എണ്ണം 20 ആയി. ഇന്നലെ അഞ്ച് പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 19 എംപിമാരെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ലോക്‌സഭയിൽ പ്രതിഷേധിച്ച നാല് കോൺഗ്രസ് എംപിമാരെയും സസ്പെൻഡ് ചെയ്തു. ഇതോടെ പാർലമെന്റിൽ ഇത്തവണ സസ്പെന്‍ഡ് ചെയ്യപ്പെട്ടത് 24 എംപിമാരാണ്.

വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും ഒരാൾക്കെതിരെ കൂടി നടപടിയെടുത്തത്. പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം ശക്തമാണ്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും രണ്ട് മണിവരെ നിറുത്തിവച്ചു. കേരളത്തില്‍ നിന്നുള്ള പി സന്തോഷ് കുമാർ, എ എ റഹീം, വി ശിവദാസൻ എന്നിവരുൾപ്പടെ 19 പേരെയാണ് നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ചതിന് ഇന്നലെ സസ്പെൻഡ് ചെയ്തത്. പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രമേയം അംഗീകരിച്ചാണ് 19 എംപിമാരെ സസ്പെൻഡ് ചെയ്തത്. ജി എസ്ടി വിഷയത്തിൽ നടുത്തളത്തിൽ പ്രതിഷേധിക്കുന്ന എംപിമാർക്ക് ഉപാധ്യക്ഷൻ ആദ്യം മുന്നറിയിപ്പ് നല്കിയിരുന്നു. പിന്നാലെയാണ് നടപടിയുണ്ടായത്.

സസ്പെൻഷനിലായ എംപിമാർ നാലുമണിക്ക് സഭ പിരിഞ്ഞപ്പോഴാണ് പുറത്തിറങ്ങാൻ തയ്യാറായത്. ജിഎസ്‌ടിയിൽ ചർച്ചയ്ക്ക് സർക്കാർ ഇതു വരെ തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടർന്നു. എന്നാൽ അതേ സമയം, കേരളത്തിലെയും പശ്ചിമ ബംഗാളിലെയും ധനമന്ത്രിമാർ ഉൾപ്പെട്ട സമിതിയാണ് ജിഎസ്‌ടി മാറ്റം നിർദ്ദേശിച്ചതെന്നാണ് കേന്ദ്രം സഭയെ അറിയിച്ചത്. സമവായത്തിലൂടെയാണ് തീരുമാനമെടുത്തതെന്നും ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി സഭയിൽ വിശദീകരിക്കുന്നു.

Eng­lish Summary:MP sus­pend­ed in Rajya Sab­ha today
You may also like this video

Exit mobile version