എം പോക്സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട വൈറസിന്റെ വകഭേദം കണ്ടെത്താൻ ജീനോം സീക്വൻസിങ് നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ, എംപോക്സ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിലെ പ്രോട്ടോകോൾ അനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തിയതായും മന്ത്രി പറഞ്ഞു.എംപോക്സ് വൈറസിന്റെ 2 ബി വകഭേദത്തിന് വ്യാപനശേഷി കുറവാണ്. എന്നാൽ ആഫ്രിക്കയിൽ കണ്ടെത്തിയ 1 ബി വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. വൈറസിന്റെ വകഭേദം കണ്ടെത്തിയാൽ വ്യാപനശേഷി മനസിലാക്കി ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
എംപോക്സ് ബാധിച്ച രോഗിയുടെ നില തൃപ്തികരമാണ്.
രോഗിയുടെ സമ്പർക്ക പട്ടികയിൽ 23 പേരാണുള്ളത്. രോഗി സഞ്ചരിച്ച വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 43 പേരാണ് ആ പട്ടികയിൽ ഉള്ളത്. സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. നിപയുടെയും എംപോക്സിന്റെയും കാര്യത്തിൽ ആശങ്ക വേണ്ടെന്നും മാസ്ക് ധരിക്കുന്ന കാര്യത്തിൽ കൂടുതൽ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 38കാരനാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ രണ്ടാമത്തേതും സംസ്ഥാനത്തെ ആദ്യത്തെയും എംപോക്സ് കേസാണിത്. ഇയാള്‍ അടുത്തിടെ യുഎഇ സന്ദര്‍ശിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ് യുവാവ് മഞ്ചേരിയിൽ ചികിത്സ തേടിയെത്തിയത്. പനിയും ശരീരത്തിൽ ചിക്കൻപോക്സിന് സമാനമായ രീതിയിൽ തടിപ്പുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടർ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.