പ്രമുഖ ആണവ ശാസ്ത്രജ്ഞനും പത്മവിഭൂഷൺ ജേതാവുമായ എം ആർ ശ്രീനിവാസൻ (95) അന്തരിച്ചു. തമിഴ്‌നാട്ടിലെ ഊട്ടിയില്‍ വച്ചായിരുന്നു മരണം. ആണവോർജ കമ്മിഷന്റെ മുൻ ചെയർമാനാണ്. ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് അടിത്തറ പാകുന്നതിലെ പ്രധാന വ്യക്തികളിലൊരാളായിരുന്നു.
അഞ്ച് പതിറ്റാണ്ടിലേറെ ഡോ. ശ്രീനിവാസൻ ആണവോർജ വകുപ്പിൽ സേവനമനുഷ്ഠിച്ചു. 1955 സെപ്റ്റംബറിലാണ് ആണവോർജ മേഖലയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടറായ അപ്സരയുടെ നിർമ്മാണത്തില്‍ ഹോമി ഭാഭയുമായി ചേര്‍ന്ന് പ്രവർത്തിച്ചിട്ടുണ്ട്.
1959ൽ രാജ്യത്തെ ആദ്യത്തെ ആണവ വൈദ്യുത നിലയത്തിന്റെ പ്രിൻസിപ്പൽ പ്രോജക്ട് എന്‍ജിനീയറായി നിയമിക്കപ്പെട്ടു. 1967ൽ മദ്രാസ് അറ്റോമിക് പവർ സ്റ്റേഷന്റെ ചീഫ് പ്രോജക്ട് എന്‍ജിനീയറായും പ്രവര്‍ത്തിച്ചു. 1974ൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് അറ്റോമിക് എനർജിയിലെ (ഡിഎഇ) പവർ പ്രോജക്ട്സ് എന്‍ജിനീയറിങ് ഡിവിഷനിലെ ഡയറക്ടറായി നിയമിതനായി.
ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ഇന്ത്യ ആണവ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ വളർച്ച കൈവരിച്ചത്. 1987ൽ ആണവോർജ കമ്മിഷന്റെ ചെയർമാനായും ആണവോർജ വകുപ്പിലെ സെക്രട്ടറിയായും നിയമിതനായി. അതേവർഷം തന്നെ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എന്‍പിസിഐഎല്‍) സ്ഥാപക ചെയർമാനുമായി. ന്യൂക്ലിയർ സയൻസ്, എന്‍ജിനീയറിങ് എന്നീ മേഖലകളിലെ മാതൃകാപരമായ സംഭാവനകൾക്ക് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു.

