ക്രിക്കറ്റ് ലോകത്തെ ഇതിഹാസം എംഎസ് ധോണിയുടെ ലളിതമായ ജീവിതശൈലി പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. തന്റെ ഭക്ഷണശീലങ്ങളെ കുറിച്ച് ധോണി അധികം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറില്ലെങ്കിലും താരത്തിന്റെ ഇപ്പോൾ പുറത്തെത്തിയ ഒരു വീഡിയോ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
റാഞ്ചിയിലെ പ്രശസ്തമായ ഒരു ഹോട്ടലിൽനിന്ന് ‘ദെഹാത്തി ചിക്കൻ’ പാഴ്സൽ വാങ്ങാൻ ധോണി നേരിട്ടെത്തിയതാണ് വാർത്തകളിൽ നിറയുന്നത്. ബിഹാറിൽ നിരവധി ആരാധകരുള്ള, ചിക്കൻ കൊണ്ടുള്ള വിഭവമാണ് ദെഹാത്തി ചിക്കൻ. എക്സിൽ പ്രചരിക്കുന്ന വീഡിയോയിൽ, തിരക്കുള്ള റോഡിലൂടെ ധോണിയുടെ മെഴ്സിഡസ് ബെൻസ് കാർ വരുന്നത് കാണാം. ഡ്രൈവിങ് സീറ്റിൽ ധോണിയെ കണ്ടതോടെ ആരാധകർ വാഹനത്തിന് ചുറ്റും കൂടി. റാഞ്ചിയിലെ പ്രശസ്തമായ ‘മാ’ ഹോട്ടലിൽനിന്ന് ഒരു ദെഹാത്തി ചിക്കൻ പാഴ്സൽ വാങ്ങാനാണ് താരം എത്തിയത്.

