Site icon Janayugom Online

‘ഹരിത’ ഉയര്‍ത്തിയ തീ അണയുന്നില്ല; എംഎസ്എഫ് ജനറൽ സെക്രട്ടറിക്കും സ്ഥാനം തെറിച്ചു

latheef

എംഎസ്എഫിൽ വീണ്ടും അച്ചടക്ക നടപടിയുമായി മുസ്‌ലിം ലീഗ് നേതൃത്വം. എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനെ സ്ഥാനത്തുനിന്ന് നീക്കി. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഏകോപനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എം കെ മുനീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ എംഎസ്എഫ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ആബിദ് ആറങ്ങാടിക്കാണ് ജനറൽ സെക്രട്ടറി ചുമതല നൽകിയിരിക്കുന്നത്.

ഹരിത വിഷയത്തിൽ പി കെ നവാസിനെതിരെ ലത്തീഫ് തുറയൂർ രംഗത്തുവന്നിരുന്നു. ഹരിത വിഭാഗവും എംഎസ്എഫും തമ്മിലുണ്ടായ പ്രശ്നത്തിന് ശേഷം നിലവിൽ വന്ന പുതിയ കമ്മിറ്റിയിലെ ജനറൽ സെക്രട്ടറിയും പ്രസിഡന്റും തമ്മിൽ ഏകോപനമില്ലെന്ന് ലീഗ് നേതൃത്വത്തിന് പരാതി കിട്ടിയിരുന്നു. രണ്ടുപേരും രണ്ട് ദിശയിലാണ് സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും എംഎസ്എഫിനകത്ത് വിഭാഗീയതയുണ്ടെന്നും ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്നാണ് പരാതിയിൽ അന്വേഷണം നടത്താൻ എം കെ മുനീറിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചത്.

ഹരിത വിഷയത്തിൽ നവാസിനെതിരെ ലത്തീഫ് പൊലീസിന് മൊഴി നൽകിയെന്നും എംഎസ്എഫ് യോഗത്തിന്റെ മിനുട്സ് കൈമാറിയെന്നും നേതൃത്വം നേരത്തെ കണ്ടെത്തിയിരുന്നു. വിവാദമായ സംസ്ഥാന സമിതി യോഗത്തിന്റെ മിനിട്സ് ഹാജരാക്കരുതെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ലത്തീഫ് വിഭാഗം തളളുകയും പൊലീസിന് നൽകുകയും ചെയ്തിരുന്നു. പി കെ നവാസിനെതിരെ ഹരിതയിലെ പെൺകുട്ടികൾ പരാതി നൽകിയത് മുതൽ ശക്തമായ നിലപാടാണ് ലത്തീഫ് തുറയൂര്‍ സ്വീകരിച്ചിരുന്നത്.

Eng­lish Sum­ma­ry: MSF Gen­er­al Sec­re­tary was also ousted

You may like this video also

Exit mobile version