മൈസൂരു നഗര വികസന അതോറിറ്റിയുടെ(മുഡ) ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് 100 കോടി രൂപ വിലമതിക്കുന്ന 92 വസ്തുവകകൾ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായ കേസിലാണ് ഇഡിയുടെ നടപടി. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റുകാരും ഇടനിലക്കാരും ഉൾപ്പെടെയുള്ളവരുടെ 300 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടിയിരുന്നു.
മൈസൂരു നഗര വികസന അതോറിറ്റിയുടെ കീഴിലുള്ള ഭൂമി സിദ്ധരാമയ്യയും കുടുംബവും അനധികൃതമായി കൈക്കലാക്കി എന്നായിരുന്നു പരാതി. ലോകായുക്ത പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിൽ ഇ ഡി നടത്തിയ അന്വേഷണത്തിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ കണ്ടുകെട്ടിയ 92 വസ്തുക്കൾക്ക് പുറമെ, മുൻപ് 160 മുഡ സൈറ്റുകളും ഇ ഡി കണ്ടുകെട്ടിയിരുന്നു. ഈ കേസിൽ ഇതുവരെ ആകെ 400 കോടി രൂപയുടെ വസ്തുവകകളാണ് ഇ ഡി കണ്ടുകെട്ടിയിരിക്കുന്നത്.

