തിരുവനന്തപുരം അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിനു സമീപം മത്സ്യബന്ധന ബോട്ടുമറിഞ്ഞു കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. സമദ് എന്നയാളുടെ മൃതദേഹമാണ് ലഭിച്ചത്. വിഴിഞ്ഞം തീരത്താണ് മൃതദേഹം അടിഞ്ഞത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മുസ്തഫ (18), ഉസ്മാന്‍ (21) എന്നിവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ശക്തമായ കാറ്റും കടലിലെ അടിയൊഴുക്കും തെരച്ചിലിനു തടസം സൃഷ്ടിക്കുകയാണ്. കാണാതായ മത്സ്യത്തൊഴിലാളികള്‍ വലയ്ക്കുള്ളില്‍ കുടുങ്ങിപ്പോയതാകാമെന്നാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടവര്‍ നല്‍കുന്ന സൂചനകള്‍.
വര്‍ക്കല ചിലക്കൂര്‍ സ്വദേശി കഹാറിന്റെ ഉടമസ്ഥതയിലുള്ള സഫ മര്‍വ ബോട്ടാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടത്തില്‍പ്പെട്ടത്.
വർക്കല വെട്ടൂർ മൂപ്പക്കുടി റംസി മൻസിലിൽ ഷാനവാസ് (59), വർക്കല വിളബ്ഭാഗം സ്വദേശി നിസാമുദ്ദീൻ (65) എന്നിവരാണ് അപകടത്തിൽ മരിച്ചത്. രക്ഷപ്പെട്ട നവാസ് (45), ഷൈജു (40), ഇബ്രാഹിം (39), നാസിം (33), യൂസഫ് (30), അഹദ് (50), റഷീദ് (34) എന്നിവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയും ചികിത്സയിലാണ്.
മത്സ്യബന്ധനത്തിനു പോയി കടലിൽ നിന്ന് തിരികെ കരയിലേക്ക് കയറവെ, മുതലപ്പൊഴി ഹാർബറിന്റെ പൊഴിമുഖത്ത് ബോട്ട് മറിയുകയായിരുന്നു. ശക്തമായ കാറ്റിൽപെട്ടായിരുന്നു അപകടം. 23 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ ബോട്ടുടമ കഹാർ അടക്കം ഒമ്പത് പേർ നീന്തി രക്ഷപ്പെട്ടു. 11 പേരെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചിരുന്നു.
English Summary: Mudappozhi boat accident: One more body found
You may like this video also