Site iconSite icon Janayugom Online

ബാസില്‍ ബാറ്റണ്‍ നീട്ടി, വിജയത്തിന്റെ ഇടംകയ്യാല്‍

തുടക്കം നന്നായാല്‍ പിന്നങ്ങോട്ട് അടിപൊളിയായിരിക്കും എന്നതാണ് റിലേയുടെ രീതി. രീതി തെറ്റിക്കാതെ തന്നെ മുഹമ്മദ് ബാസിലും സംഘവും മലപ്പുറത്തിന് സ്വര്‍ണം നേടിക്കൊടുത്തു. സീനിയര്‍ ബോയ്സിന്റെ 400 മീറ്റര്‍ റിലേയില്‍ മലപ്പുറത്തെ ഒന്നാമതെത്തിച്ചത് ഇടംകൈയ്യാല്‍ ബാസിലിട്ട തുടക്കമാണ്. റിലേയുടെ ടെക്നിക്കനുസരിച്ച് ഇടത്തു നിന്ന് വലത്തേക്കാണ് ബാറ്റണ്‍ കൈമാറേണ്ടത്. ജന്മനാ വലംകൈ പൂര്‍ണമായും ഇല്ലാത്ത ബാസിലിനെ മത്സരത്തിനിടയിലുണ്ടാകുന്ന സന്ദേഹം ഒഴിവാക്കാനാണ് തുടക്ക സ്ഥാനത്ത് തന്നെ നിര്‍ത്താന്‍ പരിശീലകനായ മുഹമ്മദ് അനസ് തീരുമാനിച്ചത്. മുഹമ്മദ് ബാസില്‍ ഇടംകൈ കൊണ്ട് കൈമാറിയ ബാറ്റണിന്റെ തുടക്കമാണ് ഈ വിജയത്തിന്റെ കാതലെന്നും പറയാം.

എംഐഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പൊന്നാനി സ്വദേശിയായ മുഹമ്മദ് ബാസില്‍. ആറു വര്‍ഷമായി ബാസില്‍ പരിശീലനം തുടങ്ങിയിട്ട്. ഓട്ടത്തില്‍ മാത്രമല്ല മറ്റിനങ്ങളിലും ബാസില്‍ അരക്കൈ നോക്കിയിട്ടുണ്ട്. മുന്‍പ് സബ്‍ജില്ലയില്‍ ഹര്‍ഡില്‍സ് മൂന്നാം സ്ഥാനം നേടിയ താരം ആദ്യമായാണ് സംസ്ഥാന തലത്തില്‍ മത്സരിക്കുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കായിക മേഖലയിലേക്ക് എത്തുന്നത്. മലപ്പുറം ഉമേരി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുമ്പോള്‍ ഫുട്ബോള്‍ കളിക്കിടെയാണ് അതേ സ്കൂളിലെ പിടി ടീച്ചറും നിലവിലെ ബാസിലിന്റെ പരിശീലകനുമായ മുഹമ്മദ് അനസ് ബാസിലിനെ കാണുന്നത്.

100 മീറ്ററില്‍ മുന്‍പ് ജില്ലാ തലത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 2017–18 കാലയളവിലെ ജില്ലാതലത്തിലെ കൊക്കോ കളിയിലെ മികച്ച കളിക്കാരനായിരുന്നു ബാസില്‍. സിബിഎസ്ഇയില്‍ പഠിക്കുന്ന സമയത്ത് 100, 200 മീറ്ററില്‍ ദേശീയതലത്തില്‍ മത്സരിച്ചിട്ടുള്ള ബാസിലിന് യഥാക്രമം മൂന്നും നാലും സ്ഥാനം ലഭിച്ചിട്ടുണ്ട്. പൊന്നാനി കളത്തിങ്കല്‍ ഹൗസില്‍ ലിഫ്റ്റ് ഓപ്പറേറ്ററായ സിറാജുദ്ദീന്റെയും വീട്ടമ്മയായ സീനത്തിന്റെയും മകനാണ് ബാസില്‍. ബാസില്‍ ഉള്‍പ്പെടെയുള്ള സംഘം 43:07 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. മുഹമ്മദ് ബാസിലിനെ കൂടാതെ സി പി അബ്ദുല്‍ റെഹൂഫ് , മുഹമ്മദ് ഷാന്‍ പി, ഫേബില്‍ കെ ബാബു എന്നിവരാണ് ടീമിലുണ്ടായിരുന്നത്. മത്സരത്തില്‍ തിരുവനന്തപുരം വെള്ളിയും തൃശൂര്‍ വെങ്കലവും നേടി.

Eng­lish Sam­mury: state school meet Senior Boys’ 400m Relay com­pe­ti­tion Malap­pu­ram won, by Basil Muham­mad’s left hand

Exit mobile version