Site iconSite icon Janayugom Online

ഗോളടിയില്‍ മുഹമ്മദ് ഫജര്‍

കാല്‍പന്തിനോടുള്ള മുഹമ്മദ് ഫജറിന്റെ അടങ്ങാത്ത ആഗ്രഹമാണ് ഇന്ന് സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ അണ്ടര്‍ 14 വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച് മിന്നും താരമെന്ന നേട്ടത്തിലേക്കെത്തിച്ചത്. മാടായി ജിആര്‍സിയിലെ എളയാവൂര്‍ സിഎച്ച്എം എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫജര്‍. അണ്ടര്‍ 14 വിഭാഗത്തിലെ ആദ്യ കളിയില്‍ തന്നെ നാല് ഗോളുകളാണ് ഫജര്‍ സ്വന്തമാക്കിയിരിക്കുന്നത്. 

കക്കാട് പള്ളിപ്പുറം സ്വദേശിയായ മുഹമ്മദ് സാജിദിന്റെയും നൂര്‍ജഹാന്റെ മകൻ ഫജറിന് കുഞ്ഞുനാള്‍ മുതല്‍ പ്രിയം പന്തിനോടാണ്. അടങ്ങാത്ത ഫുട്‌ബോള്‍ പ്രണയത്തിലൂടെ കാലുകള്‍കൊണ്ട് വിസ്മയം തീര്‍ക്കുകയാണവൻ.
സംസ്ഥാന കായികമേളയിലെ താരമെന്ന പോലെ തന്നെ സ്കൂളിലും നാട്ടിലുമെല്ലാം താരം ഫജറാണ്. ജന്മനാ വലതു കെെ നഷ്ടമായ മുഹമ്മദ് ഫജര്‍ എല്‍എംഡി വിഭാഗത്തിലാണ് മത്സരത്തില്‍ പങ്കെടുത്തത്. തന്റെ പരിമിതികളെ മറന്ന് സ്വപ്നങ്ങള്‍ക്ക് പിറകെ കുതിക്കുകയാണ് ഈ കുരുന്ന്. ഫുട്ബോള്‍ മാത്രമല്ല ക്രിക്കറ്റും സെെക്ലിങും ചിത്രം വരയുമെല്ലാം അവന്റെ ഇഷ്ടവിനോദമാണ്.
തലശേരി നോര്‍ത്ത് ബിആര്‍സിയിലെ സച്ചിൻ ലാല്‍ ആണ് ഫജറിന്റെ പരിശീലകൻ. സച്ചിൻ ലാലിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ സംസ്ഥാന കായികമേളയിലും ഫജര്‍ മത്സരിക്കാനെത്തിയത്. മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് അന്ന് ഫജര്‍ മടങ്ങിയത്. കൂടുതല്‍ ഗോളടിച്ച് താരമെന്ന നേട്ടം സ്വന്തമാക്കിയെങ്കിലും സെമിയില്‍ പുറത്തായ സങ്കടമാണ് ഈ കുട്ടി കായികതാരത്തിന്. 

Exit mobile version