Site icon Janayugom Online

ടൂറിസം, സാംസ്‌കാരിക വകുപ്പുകള്‍ കൈകോര്‍ക്കുന്ന കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ പരിഗണനയില്‍; മന്ത്രി പി എ മുഹമ്മദ് റിയാസ്

ടൂറിസം വകുപ്പും സാംസ്‌കാരിക വകുപ്പും കൈകോര്‍ത്തുകൊണ്ടുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ പരിഗണനയിലാണെന്നും ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഭാരത് ഭവന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്ന മഴമിഴി മെഗാ സ്ട്രീമിങ്ങിലെ ഉണരുമീ ഗാനം എന്ന പുതിയ സെഗ്മെന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ശാരീരിക അകലം പാലിച്ചുകൊണ്ട് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ടെക്‌നോളജിയും സോഷ്യല്‍ മീഡിയയും വലിയ സഹായമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും കൂട്ടായ്മകളും നടന്നത്. മഴമിഴിപോലെയുള്ള പരിപാടികളിലൂടെ നമ്മുടെ രാജ്യത്ത് ഇത്തരം പ്രവര്‍ത്തനങ്ങളുടെ മാതൃകയാകാന്‍ കേരളത്തിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ കേരളത്തിലെ കലാ സാംസ്‌കാരിക കൂട്ടായ്മകള്‍ ശ്രദ്ധിച്ചിട്ടുണ്ട്. 

സാംസ്‌കാരിക വകുപ്പ് ഇതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ കൂട്ടത്തിലെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് ഭരത് ഭവന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്ന മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഴമിഴിയുടെ രണ്ടാം ഘട്ട പ്രമോ വീഡിയോയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഗാനാലാപന രംഗത്ത് 40 വര്‍ഷം പിന്നിടുന്ന ഗായകന്‍ ജി. വേണുഗോപാലിനെയും ഗായികയും നടിയുമായ സുബ്ബലക്ഷിയെയും അഭിനേത്രിയും ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ സി.എസ്. രാധാദേവിയെയും അന്തരിച്ച നടന്‍ സത്യന്റെ മകനും ഗായകനുമായ ജീവന്‍ സത്യനെയും ചടങ്ങില്‍വച്ച് മന്ത്രി ആദരിച്ചു. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ഗാനമേള ട്രൂപ്പിന്റെ കോര്‍ഡിനേറ്റര്‍ ജി. വിനോദും അന്ധഗായിക മേരി സുമയും ശ്രീചിത്ര പുവര്‍ ഹോമിലെ കുട്ടികളുടെ പ്രതിനിധിയായി ശുഭയും വേദിയില്‍ ആദരവ് ഏറ്റുവാങ്ങി. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും മഴമിഴി ഫെസ്റ്റിവല്‍ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂര്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. കലാകാരന്മാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു എന്നതിലുപരിയായി കലാപ്രകടനത്തിനുള്ള അവസരം നല്‍കുന്നതിലൂടെ അവര്‍ അംഗീകരിക്കപ്പെടുന്നു എന്നതാണ് മഴമിഴിയുടെ പ്രധാന്യമെന്ന് ജി. വേണുഗോപാല്‍ പറഞ്ഞു. 

മഴമിഴിയിലെ പുതിയ സെഗ്മെന്റായ ഉണരുമീ ഗാനത്തില്‍ അന്ധ ഗായക സംഘങ്ങള്‍, തെരുവ് ഗായക സംഘങ്ങള്‍, അനാഥാലയങ്ങളില്‍ നിന്നും വൃദ്ധ സദനങ്ങളില്‍ നിന്നും ജയിലുകളില്‍ നിന്നുമുള്ള ഗായക സംഘങ്ങള്‍ തുടങ്ങി ശ്രദ്ധിക്കപ്പെടാതെ പോകുന്ന കലാകാരന്മാരുടെ പ്രകടനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനര്‍ജി, ഡോ കെ. ഓമനക്കുട്ടി, വി.ടി. മുരളി, ഭാരത് ഭവന്‍ നിര്‍വാഹക സമിതി അംഗം റോബിന്‍ സേവ്യര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. ഭാരത് ഭവന്റെയും സാംസ്‌കാരിക വകുപ്പിന്റെും ഔദ്യോഗിക പേജുകളടക്കം 50ഓളം ഫേസ്ബുക് പേജുകളിലൂടെ ഇതിനോടകം 20 ലക്ഷത്തിലധികം പ്രേക്ഷകരിലേക്ക് മഴമിഴി എത്തിയിട്ടുണ്ട്. സഭ ടിവിയിലും മഴമിഴിയുടെ ഭാഗമായുള്ള കലാപ്രകടനങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ വിക്ടേഴ്‌സ് ചാനലിലും സംപ്രേക്ഷണം ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
eng­lish summary;Muhammad Riyaz state­ments about the Fur­ther activ­i­ties to be under­tak­en in Depart­ments of Tourism
you may also like this video;

Exit mobile version