Site iconSite icon Janayugom Online

മുജാഹിദ് സമ്മേളനം: ലീഗ് അധ്യക്ഷൻ പിന്മാറി

സമസ്ത ഇ കെ വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് മുജാഹിദ് സമ്മേളനത്തിൽ നിന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പിന്മാറി. നാളെ മുതൽ കോഴിക്കോട്ട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൽ നിന്നാണ് സമസ്തയുടെ പ്രധാന നേതാവുകൂടിയായ തങ്ങളുടെ പിന്മാറ്റം.
സാദിഖലി തങ്ങളെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്നും എന്തുകാണ്ടാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്ന് അറിയില്ലെന്നും കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. തങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നറിഞ്ഞപ്പോള്‍ എതിർപ്പുമായി ഇ കെ വിഭാഗം നേതാക്കൾ രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിന്റെ അമരസ്ഥാനത്തിരുന്ന നേതാക്കളാരും മുജാഹിദ് പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്ന് സമസ്ത നേതാക്കൾ പ്രസ്താവിച്ചിരുന്നു. 

സമസ്തയുടെ പ്രതിഷേധം ശക്തമായതോടെ പരിപാടിയിൽ നിന്ന് സാദിഖലി തങ്ങൾ പിന്മാറുകയായിരുന്നു.
സുന്നി വിഭാഗങ്ങൾ നടത്തുന്ന പല കർമ്മങ്ങളും അന്ധവിശ്വാസങ്ങളാണെന്ന പ്രചരണമാണ് മുജാഹിദ് വിഭാഗം നടത്തിവരുന്നത്. സമൂഹത്തിന്റെ പുരോഗതിയെ പിന്നോട്ട് വലിക്കുകയാണ് സുന്നി പണ്ഡിതരെന്ന മുജാഹിദ് നിലപാടിൽ ശക്തമായ എതിർപ്പ് സമസ്തയ്ക്കുണ്ട്. ഈ സാഹചര്യത്തിൽ ലീഗിന്റെയും സമസ്തയുടെയും നേതൃത്വത്തിലിരിക്കുന്ന നേതാക്കൾ മുജാഹിദുകൾക്കൊപ്പം പൊതുവേദിയിൽ പങ്കെടുക്കാൻ പാടില്ലെന്ന് സമസ്തയ്ക്ക് നിർബന്ധമുണ്ട്. 

എന്നാൽ പിന്മാറ്റം തങ്ങൾക്ക് പിന്തുണ നൽകുന്ന മുജാഹിദ് വിഭാഗത്തെ അകറ്റുമോ എന്ന ഭയവും ലീഗിനുണ്ട്. ഇ കെ വിഭാഗം സുന്നികളുടെ എതിർപ്പിന് വഴങ്ങുന്നതിൽ മുജാഹിദ് വിഭാഗം പ്രതിഷേധം ഉയർത്തുന്നുണ്ട്. നേരത്തെയും സമാനമായ രീതിയിൽ പിന്മാറ്റമുണ്ടായിട്ടുണ്ടെന്നും ഇത് സംഘടനയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ഇവർ വ്യക്തമാക്കുന്നു.
പാണക്കാട് തങ്ങള്‍മാർ മുജാഹിദ് വേദികളിൽ വരാത്തത് എല്ലാ മുജാഹിദ് സംഘടനകളും ഗൗരവത്തിൽ എടുക്കണമെന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങളുയരുന്നുണ്ട്. തങ്ങള്‍മാര്‍ക്ക് മുജാഹിദ് വേദി അയിത്തം ആണെങ്കിൽ എല്ലാ ലീഗ് നേതാക്കളെയും മുജാഹിദ് വേദികളിൽ നിന്നും ബഹിഷ്കരിക്കാൻ മുജാഹിദ് വിഭാഗങ്ങള്‍ തയ്യാറാവണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം സാദിഖലി തങ്ങൾ പിന്മാറിയെങ്കിലും മുനവറലി തങ്ങളും റഷീദലി തങ്ങളും മുജാഹിദ് പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഫാമിലി സമ്മിറ്റ് പരിപാടിയിലാണ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പങ്കെടുക്കുന്നത്. യുവജന ജാഗ്രതാ സമ്മേളനത്തിലാണ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. ഇതിലൂടെ മുജാഹിദ് വിഭാഗത്തിന്റെ പ്രതിഷേധം കുറയ്ക്കാൻ കഴിയുമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്. 

Eng­lish Summary;Mujahid con­fer­ence: League pres­i­dent withdraws
You may also like this video

Exit mobile version