Site iconSite icon Janayugom Online

വ്യത്യസ്തനാമൊരു ബാര്‍ബറാം അംബാനി

നാം മലയാളികള്‍ ചിലപ്പോഴെങ്കിലും ദീനാനുകമ്പ കാട്ടാറുണ്ട്. സെലക്ടീവായ അനുതാപം. അതല്ലെങ്കില്‍ സ്വപ്നയുടെയും സരിതയുടെയും പെെങ്കിളിക്കഥകളുടെ പിന്നാലെ പായാനാവും നമുക്കു കമ്പം. എന്നാല്‍ തലശേരിയില്‍ ഗണേശ് എന്ന എട്ട് വയസുകാരന്‍ രാജസ്ഥാനി കുഞ്ഞ് വഴിയോരത്തു പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ചാരിനിന്നുവെന്ന ‘കുറ്റ’ത്തിന് കാറുടമയായ യുവാവ് നട്ടെല്ലില്‍ ചവിട്ടുകയും തലയ്ക്കടിക്കുകയും ചെയ്ത ക്രൂരദൃശ്യം കണ്ട് മലയാളികളിലാകെ രോഷമിരമ്പി. ചവിട്ടുകൊണ്ടിട്ടും വേദനയോടെയെങ്കിലും ആ കാറില്‍ത്തന്നെ നോക്കിനില്ക്കുന്ന പാവം കിടാവ്. ഈ ദൃശ്യം കണ്ടപ്പോള്‍ അറുപത്തിയെട്ട് വര്‍ഷം മുമ്പ് മുംബെെ മഹാനഗരത്തിന്റെ പാതയോരത്തു നടന്ന ദൃശ്യവുമായി എന്തൊരു സമാനത എന്ന് തോന്നിപ്പോയി. നഗരവഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഒരു പയ്യന്‍ ചാരിനിന്നു. അതിന്റെ പളപളപ്പില്‍ ഒന്നു തൊട്ടുനോക്കുമ്പോള്‍ എങ്ങൊ നിന്നെത്തിയ കാറുടമ ആ കുട്ടിയുടെ തലയിലും കഴുത്തിലും പൊതിരെ തല്ലി.

എന്തായാലും തലശേരിയിലെപ്പോലെ ചവിട്ടഭ്യാസ പ്രകടനമുണ്ടായില്ല. മുംബെെയില്‍ അടികൊണ്ടു പുളഞ്ഞ ആ പത്ത് വയസുകാരന്റെ പേര് മസ്താന്‍. തമിഴകത്തുനിന്നും ജോലി തേടി ആ മഹാനഗരത്തില്‍ ചേക്കേറിയയാള്‍. തല്ലു കൊണ്ടിട്ടും ആ ബാലന്റെ കാറിലുള്ള കമ്പം തീരുന്നില്ല. കാറുകള്‍ കഴുകുന്ന ജോലിയിലൂടെ അന്നം തേടി. പിന്നീട് മുംബെെ തുറമുഖത്ത് കൂലിപ്പണിക്കാരനായി. അതോടെ പയ്യന്‍ കൂലി മസ്താനായി. കൂലിപ്പണിക്കിടയില്‍ തുറമുഖത്തു നടക്കുന്ന സ്വര്‍ണക്കടത്തിന്റെ ബാലപാഠങ്ങള്‍ കണ്ടുപഠിച്ചു. പിന്നെ വച്ചടിവച്ചടി കയറ്റം. വരദരാജന്‍ മുനിസ്വാമി മുതലിയാര്‍, കരിംലാല, ധൊലാക്കിയ, ഷുജര്‍നാരായണ്‍ ബഖിയ എന്നീ കള്ളക്കടത്തുകാരുടെ രാജാവായി. അന്ന് ഇന്നത്തെ അധോലോകനായകന്‍ തെരുവുകളില്‍ വെറുമൊരു ഇബ്രാഹിം ചപ്പല്‍വാല. വഴിപോക്കരുടെ ഷൂ പൊളീഷും ചപ്പല്‍ കച്ചവടവും നടത്തി ഉപജീവനം നടത്തുന്നയാള്‍. കൂലി മസ്താന്‍ ഹാജി മസ്താനായി. അറബിപ്പൊന്ന് കള്ളക്കടത്തിലൂടെ കോടീശ്വരനായി. ആഡംബര മേഖലയായ പെദ്ദാര്‍ റോഡിലെ കൊട്ടാരത്തിനുള്ളില്‍ വാസം. മുന്നില്‍ നിരനിരയായി ആഡംബര കാറുകള്‍. ചുറ്റും പരിവാരങ്ങളുടെ പട. നഗരത്തിലെമ്പാടും നക്ഷത്ര ഹോട്ടലുകള്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ മസ്താന്‍ തഴച്ചുവളര്‍ന്നു. ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കു പണം വാരിക്കോരി വായ്പ നല്കി. അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ കേന്ദ്ര ധനകാര്യ സഹമന്ത്രി കെ ആര്‍ ഗണേശ് നടത്തിയ കള്ളക്കടത്ത് വേട്ടയ്ക്കിടെ അല്പകാലം ജയിലിലായെങ്കിലും ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയെപ്പോലുള്ള വമ്പന്‍ സ്രാവുകളുടെ തോഴനായതിനാല്‍ വെെകാതെ കേസുകളില്‍ നിന്ന് ഊരിപ്പോന്നു. ജയിലില്‍ നിന്നിറങ്ങിയ ഹാജിമസ്താന്‍ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെയുണ്ടാക്കി.

ഇന്ത്യപോലുള്ള ഒരു രാജ്യത്ത് വളരാന്‍ ഇതൊക്കെയേ മാര്‍ഗമുള്ളു എന്ന് അടയാളപ്പെടുത്തുകയായിരുന്നു ഹാജി മസ്താന്‍. തലശേരിയില്‍ ചവിട്ടേറ്റ കുഞ്ഞു ഗണേശനും ഇത്തരം വഴിവിട്ട മാര്‍ഗങ്ങളിലൂടെ അത്യുന്നതങ്ങളിലേക്ക് കയറിപ്പറ്റാനാവൂ എന്ന നമ്മുടെ കെട്ട സാമൂഹ്യവ്യവസ്ഥ. തമ്പ്രാക്കളും അടിമകളുമെന്ന സാമൂഹ്യവ്യവസ്ഥയുടെ വിഹ്വലവലയങ്ങളില്‍ കുടുങ്ങിക്കിടപ്പാണ് മുക്കാല്‍ നൂറ്റാണ്ടു പിന്നിട്ട സ്വതന്ത്ര ഇന്ത്യന്‍ സമൂഹം. തലശേരിയിലെ കുഞ്ഞുഗണേശനും ഈ ദുരവസ്ഥയുടെ ഇര. അക്ഷരമറിയാത്ത അവന് അഹങ്കാരത്തില്‍ നിന്നു മുളച്ചതാണ് കാലുകള്‍ എന്നും അറിയില്ലായിരുന്നു. ചവിട്ടിത്തൊഴിക്കാനുള്ളതല്ല നടക്കാനുള്ളതാണ് കാലുകള്‍ എന്നേ അവനറിയൂ. അവര്‍ കാറുകള്‍ കണ്ടിട്ടുള്ളതല്ലാതെ അതിനുള്ളില്‍ കയറിയിട്ടേയില്ല. കാറിന്റെ വില പോയിട്ട് എന്തിന്റെയെങ്കിലും വിലയെക്കുറിച്ചും അവനറിയില്ല. ഉടമയും അടിമയും തമ്മിലുള്ള വേര്‍തിരിവും അവന് അജ്ഞാതം. തന്റെ പ്രായത്തിലുള്ള കുട്ടികള്‍ പോക്കറ്റുമണിയായി നൂറിന്റെ നോട്ടുകള്‍ വാരിയെറിഞ്ഞു കളിക്കുമ്പോള്‍ അവന്‍ ഒരു രൂപ നാണയത്തുട്ടുപോലും കണ്ടിട്ടില്ല. അവനൊരു പുത്തന്‍ പാവ സ്വപ്നം കാണാനേ കഴിയൂ. മോഹം മൂക്കുമ്പോള്‍ പാതയോരത്തെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും അവനൊരു നനഞ്ഞു കുതിര്‍ന്ന നാറുന്ന പാവയെടുത്തു കളിക്കും. വാഹനത്തില്‍ കയറാന്‍ കൊതിയേറുമ്പോള്‍ അവന്‍ സ്വയം വാഹനമാകും. സഡന്‍ ബ്രേക്കിടും. ഹോണ്‍ മുഴക്കും. പിന്നെ സ്വപ്നസാഫല്യമായി ആരാന്റെ വാഹനത്തില്‍ മൃദുവായി ഒന്നു ചാരിനില്ക്കും. പിന്നാലെ വരുന്നു തൊഴിയും തല്ലും. അവനിപ്പോള്‍ ബോധ്യമായി വാഹനത്തില്‍ ചാരിനില്ക്കരുത്, ഗര്‍വിന്റെ കാലുകള്‍ അവനെ ചവിട്ടിവീഴ്ത്തുമെന്ന്.

സാമൂഹ്യവ്യവസ്ഥ അവനൊരു പാഠപുസ്തകമാവുന്ന ദുരന്തകാലം. ഞങ്ങളുടെ കൃഷ്ണന്‍കുട്ടിയുടെ ബാര്‍ബര്‍ ഷോപ്പ് പൂട്ടാന്‍ പോകുന്നു. എന്തേ കാര്യമെന്നു ചോദിച്ചാല്‍ കൃഷ്ണന്‍കുട്ടി പറയുന്നു നവലിബറലിസം കാരണമെന്ന്. ഇനി വല്ല തൂമ്പാപ്പണിക്കും പോകാമെന്നു പറയുന്ന കൃഷ്ണന്‍കുട്ടി വേദാന്തിയെപ്പോലെ പാടുന്നു, ‘ജനിച്ചുപോയി മനുഷ്യനായ് ഞാന്‍, എനിക്കുമിവിടെ ജീവിക്കേണം. തെളിച്ചങ്ങു പറ കൃഷ്ണന്‍കുട്ടി എന്നു പറഞ്ഞാലും കൃഷ്ണന്‍കുട്ടി സിനിമാപ്പാട്ട് പാടും, ‘വ്യത്യസ്തനായൊരു ബാര്‍ബറാം അംബാനിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല!’ ഇപ്പോള്‍ കാര്യം പിടികിട്ടി. സഹസ്ര കോടീശ്വരനായ മുകേഷ് അംബാനി ബാര്‍ബര്‍ ഷോപ്പ് തുടങ്ങാന്‍ പോകുന്നു. മറ്റെല്ലാ ബിസിനസും തകര്‍ന്നടിഞ്ഞപ്പോള്‍ ചപ്പാത്തിക്ക് വകയുണ്ടാക്കാന്‍ ബാര്‍ബര്‍ ഷോപ്പ് തുടങ്ങുന്നതല്ല. അതാണ് നവലിബറലിസത്തിലെ വെെവിധ്യവല്ക്കരണമെന്ന് ബാര്‍ബര്‍ കൃഷ്ണന്‍കുട്ടി പറയുന്നു. ഇപ്പോള്‍ത്തന്നെ പച്ചക്കറി മുതല്‍ പടക്കപ്പല്‍ വരെ നിര്‍മ്മിക്കുന്ന അംബാനിക്ക് ഇനി മുടിവെട്ടു വ്യവസായവും. ഇന്ത്യയില്‍ 3000ല്‍പരം ബാര്‍ബര്‍ഷോപ്പുകളുള്ള നാച്ചുറല്‍ സ്പാ ആന്റ് സലൂണ്‍സ് അംബാനി തമ്പ്രാന്‍ വിലയ്ക്ക് വാങ്ങുന്നു. തല്ക്കാലം ഇന്ത്യയിലുടനീളം 7000 ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുന്ന അംബാനി രാജ്യത്തെ ഓരോ ഗ്രാമത്തിലും ഇനി മുടിവെട്ട് തുടങ്ങും. അങ്കവും കാണാം താളിയുമൊടിക്കാം എന്ന മട്ടില്‍ മുടിയും വെട്ടാം രോമ കയറ്റുമതിയും നടത്താം. ലക്ഷക്കണക്കിന് ബാര്‍ബര്‍മാര്‍ക്ക് ഇനി പട്ടിണി.

മോഡിയുടെ കാശിയിലും രാമേശ്വരത്തും പഴനിയിലുമുള്ള സന്ന്യാസി ക്ഷുരകന്മാരും തൊഴിലില്ലായ്മിലേക്ക്. 75 രൂപയ്ക്കു് കൃഷ്ണന്‍കുട്ടിമാര്‍ നടത്തുന്ന മുടിവെട്ട് ഇനി അംബാനി മോഡല്‍ ക്ഷൗരവും ആയിരം രൂപയുമാകും. കൃഷ്ണന്‍കുട്ടി പാടുന്നപോലെ മുടിവെട്ടുന്നവര്‍ക്കും പാടാം; ‘ജനിച്ചുപോയി മനുഷ്യനായ് ഞാന്‍!’ അസമിലെ ഒരു ഗ്രാമമാണ് ജതിംഗ. പക്ഷികളുടെ ആത്മഹത്യാ ഗ്രാമമെന്നാണ് ഈ പ്രദേശത്തിന് വിശദീകരണം. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ ആയിരക്കണക്കിന് പക്ഷികള്‍ ജതിംഗയിലേക്ക് പറന്നെത്തും. നിലത്തേക്കോ മരക്കൊമ്പുകളിലേക്കോ ലാന്‍ഡ് ചെയ്യുമ്പോള്‍ പക്ഷികള്‍ സാധാരണ വേഗം കുറയ്ക്കാറാണ് പതിവ്. പക്ഷെ ജതിംഗയിലേക്കെത്തുമ്പോള്‍ പക്ഷികള്‍ മിസെെല്‍ വേഗത്തിലാവും. കെട്ടിടങ്ങളിലും മതിലുകളിലും ഇടിച്ച് ആത്മഹത്യ ചെയ്യും. ആത്മഹത്യാ മാസങ്ങളില്‍ ആയിരക്കണക്കിന് പക്ഷികളുടെ ജഡങ്ങളാണ് എങ്ങും ചിതറിക്കിടക്കുക. അവ സംസ്കരിക്കാനേ നാട്ടുകാര്‍ക്ക് നേരമുള്ളു. ശാസ്ത്രം പോലും ഉത്തരം കണ്ടെത്താത്ത പറവകളുടെ കൂട്ട ആത്മഹത്യ. മറ്റൊരു ഗ്രാമത്തിലും ഇത്തരം കിളികളുടെ ആത്മഹത്യ നടക്കുന്നുമില്ല. ഇതു കേട്ട കുട്ടികള്‍ ചോദിക്കുന്നു, കേരളവും ദിവാന്മാരുടെയും ഗവര്‍ണര്‍മാരുടെയും ആത്മഹത്യാ ഇടമായി മാറുന്നുവോ!

Exit mobile version