Site iconSite icon Janayugom Online

മുഖ്താർ അബ്ബാസ് നഖ്‌വിയും ആർ സി പി സിങും രാജിവച്ചു

കേന്ദ്ര മന്ത്രിസഭയിൽനിന്ന് ബിജെപിയിലെ മുഖ്താർ അബ്ബാസ് നഖ്‌വിയും ജെഡിയുവിലെ രാം ചന്ദ്ര പ്രസാദ് സിങ്ങും രാജിവച്ചു. രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് രാജി.

സഭാംഗമല്ലാതെ ആറു മാസം കൂടി മന്ത്രിസ്ഥാനത്തു തുടരാമെന്നിരിക്കെ, ഇരുവരും തുടരേണ്ടതില്ലെന്ന് ഇരുപാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ നിലപാടെടുക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ബിജെപി അദ്ധ്യക്ഷന്‍ ജെ പി നഡ്ഡയുമായും നഖ്‌വി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു ഇതിനു ശേഷമായിരുന്നു രാജി.

ഉരുക്കു വ്യവസായ വകുപ്പിന്റെ ചുമതലയായിരുന്നു ജനതാദള്‍ യുണൈറ്റഡി (ജെഡിയു)ന്റെ പ്രതിനിധിയായ ആർ സി പി സിങ്ങിനുണ്ടായത്. ബിജെപിയുമായി കൂടുതല്‍ അടുത്തതോടെയാണ് ഇത്തവണ രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് ജെഡിയു നേതാവ് നിതീഷ്‌കുമാര്‍ തീരുമാനമെടുത്തത്.

നഖ്‌വി രാജിവച്ചതോടെ പാര്‍ലമെന്റില്‍ ബിജെപിക്ക് മുസ്‌ലിം പ്രാതിനിധ്യം ഇല്ലാതാകുക കൂടി ചെയ്തു. എം ജെ അക്ബര്‍, സയ്ദ് സഫര്‍ ഇസ്‌ലാം, നഖ്‌വി എന്നിരായിരുന്നു ബിജെപി പ്രതിനിധികളായുണ്ടായിരുന്നത്.

അക്ബറിന്റെയും സയ്ദ് സഫറിന്റെയും കാലാവധി നേരത്തെ അവസാനിച്ചപ്പോള്‍ നഖ്‌വി മാത്രമായി. ഇന്നലെ അദ്ദേഹവും രാജിവച്ചതോടെ ബിജെപിക്ക് മുസ്‌ലിം പ്രാതിനിധ്യം പൂര്‍ണമായും ഇല്ലാതാവുകയും ചെയ്തു.

എന്നാല്‍ ന്യൂനപക്ഷകാര്യ മന്ത്രിയായിരുന്ന നഖ്‌വിയെ ബിജെപി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും സൂചനകളുണ്ട്. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മല്‍സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഈ മാസം 19 ആണ്.

നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിന്റെ കാലാവധി അടുത്ത മാസം 10ന് അവസാനിക്കും. ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവർണറായും നഖ്‌വിയെ പരിഗണിച്ചേക്കുമെന്ന് സൂചനകളുണ്ട്.

Eng­lish summary;Mukhtar Abbas Naqvi and RCP Singh resigned

You may also like this video;

Exit mobile version