Site icon Janayugom Online

ലോകത്ത് ഇന്ത്യക്കുള്ള സ്വീകാര്യത നഷ്ടപ്പെടുന്നത് നാടിൻ്റെ അസ്ഥിത്വത്തെ ഇല്ലാതാക്കും: മുല്ലക്കര

ലോകത്തിന് മുന്നിൽ ഇന്ത്യക്കുള്ള സ്വീകാര്യത അതിൻ്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവമാണെന്നും അത് നഷ്ടപ്പെടുന്നത് രാജ്യത്തിൻ്റെ അസ്ഥിത്വത്തെ തന്നെ ഇല്ലാതാക്കുമെന്നും സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ.

വീണ്ടെടുക്കാം മതേതര ഇന്ത്യയെ, എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യ ദിനത്തിൽ എഐവൈഎഫ് സംഘടിപ്പിച്ച സേവ് ഇന്ത്യ അസംബ്ലി ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് തന്നെ ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമം ചിലർ നടത്തിയിരുന്നു. ഇന്നത്തെ മോദിയെക്കാൾ ശക്തനായിരുന്നു ഗോൾവാൾക്കർ. എന്നാൽ അന്ന് കാവൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനങ്ങൾ ആ നീക്കത്തെ മുളയിലെ നുള്ളുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറെ നടയിലെ പി കൃഷ്ണപിള്ള സ്ക്വയറിൽ നടന്ന പരിപാടിയിൽ എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ അധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ്, സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ, എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ സെക്രട്ടറിയുമായ പ്രസാദ് പാറേരി, സിപിഐ ജില്ലാ എക്സി. അംഗങ്ങളായ പി കെ സുബ്രഹ്മണ്യൻ, പി കെ കൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗീത ഗോപി, സി വി ശ്രീനിവാസൻ, മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പി മുഹമ്മദ് ബഷീർ, എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കനിഷ്കൻ വല്ലൂർ, ടി പി സുനിൽ, വി കെ വിനീഷ്, മണ്ഡലം പ്രസിഡൻറ് എം എ സന്തോഷ്, സെക്രട്ടറി പി കെ സേവിയർ തുടങ്ങിയവർ സംസാരിച്ചു. നേരത്തെ കിഴക്കേ നടയിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ അണിചേർന്ന വലിയ പ്രകടനത്തോടെയാണ് പരിപാടി ആരംഭിച്ചത്.

you may also like this video;

Exit mobile version