Site iconSite icon Janayugom Online

മുല്ലപ്പെരിയാര്‍ ബേബി ഡാം: മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി തമിഴ്നാട്

മുല്ലപ്പെരിയാര്‍ ബേബി ഡാം ശക്തിപ്പെടുത്താന്‍ പതിനഞ്ച് മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട്. ഡല്‍ഹിയില്‍ ചേര്‍ന്ന അണക്കെട്ട് മേല്‍നോട്ട സമിതി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്.മരം മുറിക്കാന്‍ വനം ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ അനുമതി വേണമെന്ന് കേരളം യോഗത്തില്‍ വ്യക്തമാക്കി. അനുമതിക്ക് ആവശ്യമായ തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ചീഫ് എന്‍ജിനീയറും മേല്‍നോട്ട സമിതിയുടെ അധ്യക്ഷനുമായ ഗുല്‍ഷന്‍ രാജ് കേരളത്തിനു നിര്‍ദ്ദേശം നല്‍കി.

അടുത്തിടെയുണ്ടായ മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിലെ ആശങ്ക അറിയിച്ച് കേരളം സമിതിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സമിതി സമ്മേളിച്ചത്. എന്നാല്‍ നിലവില്‍ മഴ ശമിച്ച സാഹചര്യത്തില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉണ്ടായത്.

അണക്കെട്ടിന്റെ ചോര്‍ച്ച പരിശോധിക്കാന്‍ ആവശ്യമായ ഇന്‍സ്ട്രമെന്റേഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവച്ചു. ഒപ്പം റൂള്‍ കര്‍വ് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിച്ച് അന്തിമ റൂള്‍കര്‍വ് ഉടന്‍ തയാറാക്കണമെന്നും കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതുള്‍പ്പെടയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ മേല്‍നോട്ട സമിതി അടുത്തമാസം മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുമെന്ന സൂചനകളും യോഗത്തിനു ശേഷം പുറത്തു വന്നു. അണക്കെട്ട് ശക്തിപ്പെടുത്താന്‍ അപ്രോച്ച് റോഡ് നിര്‍മ്മാണം, അറ്റകുറ്റ പ്പണികള്‍ എന്നിവയ്ക്ക് കേരളത്തിന്റെ സഹകരണം ഉറപ്പുവരുത്തണമെന്ന് യോഗത്തില്‍ തമിഴ്‌നാട് ആവശ്യപ്പെട്ടു.

കേരളത്തെ പ്രതിനിധീകരിച്ച് സെക്രട്ടറി പ്രണബ് ജ്യോതി നാഥ്, ചീഫ് എന്‍ജിനീയര്‍ അലക്സ് വര്‍ഗീസ്, നോഡല്‍ ഓഫീസര്‍ പി ജി വിജയകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന, കാവേരി സെല്‍ ചെയര്‍മാന്‍ ആര്‍ സുബ്രഹ്മണ്യന്‍ എന്നിവരാണ് യോഗത്തിന് എത്തിയത്. കേന്ദ്ര ജല കമ്മിഷന്‍ പ്രതിനിധി എസ് എസ് ബക്ഷിയും യോഗത്തിലുണ്ടായിരുന്നു.

Eng­lish Sum­ma­ry: Mul­laperi­yar Baby Dam: Tamil Nadu seeks per­mis­sion to cut trees
You may also like this video

Exit mobile version