Site iconSite icon Janayugom Online

മുല്ലപ്പെരിയാർ വിവാദ സന്ദർശനം; സുരക്ഷാ വീഴ്ചയിൽ നടപടിയുണ്ടായേക്കും

മുല്ലപ്പെരിയാർ ‍ഡാമിൽ അനുമതിയില്ലാതെ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ നടത്തിയ സന്ദർശനം വിവാദമായ പശ്ചാത്തലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിൽ ചിലർക്കെതിരെ നടപടിയുണ്ടായേക്കും.

അതീവ സുരക്ഷാ മേഖലയിൽ റിട്ടയേർഡ് എസ്ഐ ഉൾപ്പെടെ നാലംഗ സംഘം നടത്തിയ സന്ദർശനം മുല്ലപ്പെരിയാർ ഡിവൈഎസ്‌പിയെ അറിയിക്കുന്നതിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചെന്ന ആരോപണം ഉയർന്നിരുന്നു. ഇതോടെ പൊലീസ് സന്ദർശകരായ നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് ഉടനെ എസ്‌പിക്ക് സമർപ്പിക്കുമെന്ന് ഡിവൈഎസ്‌പി നന്ദനൻപിള്ള അറിയിച്ചെങ്കിലും എത്ര പേർക്കെതിരെ നടപടിയുണ്ടാകുമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയില്ല. അന്വേഷണ വിധേയമായി നിലവിൽ ആരെയും സസ്പെൻഡ് ചെയ്തിട്ടില്ലെന്നും ഡിവൈഎസ്‌പി പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് നാലംഗ സംഘം മുല്ലപ്പെരിയാറിൽ അനുമതി കൂടാതെ സന്ദർശനം നടത്തിയത്. തമിഴ്‌നാട് ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർക്കൊപ്പം എത്തിയ സംഘത്തിന്റെ സന്ദർശനം ജിഡി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നില്ല. സംഭവം വിവാദമായതിനെ തുടർന്നാണ് സന്ദർശകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണ സംഘം സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി ഉൾപ്പെടുത്തിയാകും ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറുക.

eng­lish sum­ma­ry; Mul­laperi­yar con­tro­ver­sy vis­it; Action may be tak­en in the event of a secu­ri­ty breach

you may also like this video;

Exit mobile version