മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പിലാക്കാനുള്ള നടപടികള്‍ മേല്‍നോട്ട സമിതി ആരംഭിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന മേല്‍നോട്ട സമിതിയുടെ പതിനഞ്ചാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നേറിയത്. അണക്കെട്ട് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്ക വിഷയങ്ങള്‍ ചീഫ് സെക്രട്ടറിതല ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ചകള്‍ക്കുശേഷം വ്യക്തമാക്കി. അണക്കെട്ടിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനും അണക്കെട്ടിന്റെ അറ്റകുറ്റ പണികള്‍ക്കും യോഗത്തില്‍ തമിഴ്‌നാട് കേരളത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. ഇതിനായി വനം വകുപ്പിന്റെ ഉള്‍പ്പെടെ അനുമതികള്‍ ആവശ്യമാണെന്ന് കേരളാ പ്രതിനിധികള്‍ യോഗത്തില്‍ വ്യക്തമാക്കി.
അണക്കെട്ടിന്റെ ബലക്ഷയവും ചോര്‍ച്ചയും ഉള്‍പ്പെടെ പരിശോധിക്കുന്നതിന് നടപടികള്‍ ഉടന്‍ വേണമെന്ന ആവശ്യമാണ് കേരളാ പ്രതിനിധികള്‍ യോഗത്തില്‍ മുന്നോട്ടു വച്ചത്. സുപ്രീം കോടതി ഏപ്രില്‍ എട്ടിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനുള്ള നീക്കങ്ങളാണ് മേല്‍നോട്ട സമിതി നടത്തുന്നത്. 126 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രവര്‍ത്തന മേല്‍നോട്ടം തുടരാന്‍ മേല്‍നോട്ട സമിതിക്ക് സുപ്രീം കോടതി ഏപ്രിലില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ അനുമതി നല്‍കിയിരുന്നു. കേരളവും തമിഴ്‌നാടും തമ്മില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 2014ലാണ് സുപ്രീം കോടതി മേല്‍നോട്ട സമിതിയെ നിയോഗിച്ചത്.
സമിതി കൂടുതല്‍ വിപുലീകരിക്കുന്നതിന്റെയും ശക്തമാക്കുന്നതിന്റെയും ഭാഗമായി കേരളത്തിനും തമിഴ്‌നാടിനും ഓരോ വിദഗ്ധരെകൂടി സമിതിയില്‍ ഉള്‍പ്പെടുത്താനും ഉത്തരവില്‍ കോടതി അനുമതി നല്‍കിയിരുന്നു. മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കേരളത്തിനും തമിഴ്നാടിനും ബാധ്യതയുണ്ട്. സമിതി നിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്നത് ഉറപ്പു വരുത്താനുള്ള ചുമതല ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്കാണ്. ഇതില്‍ വീഴ്ചയുണ്ടായാല്‍ അത് കോടതി അലക്ഷ്യമായി പരിഗണിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
English Summary: Mullaperiyar Dam: The oversight committee has started proceedings to implement the Supreme Court order
You may like this video also