മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ തമിഴ്‌നാടിന് നിർദേശം നൽകിയ കേന്ദ്ര ജല കമ്മിറ്റിയുടെ തീരുമാനം കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തെളിയിക്കുന്നതാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും എന്നതാണ് കേരളത്തിന്റെ നയം. കേരളം നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു കാര്യമായിരുന്നു സമഗ്രമായ സുരക്ഷാ പരിശോധന.
അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണൽ സുരക്ഷ എന്നിവ ഇതിന്റെ ഭാഗമായി വരും. 12 മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ മാറിയ കാലാവസ്ഥാ സാഹചര്യവും മറ്റും സമിതിയെ ബോധ്യപ്പെടുത്തുന്നതിൽ കേരളത്തെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥർ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു .