Site icon Janayugom Online

മുല്ലപ്പെരിയാര്‍: സുരക്ഷാ അതോറിറ്റി രൂപീകരിച്ചെന്ന് കേന്ദ്രം

mullapperiyar

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ ഡാം സുരക്ഷാ നിയമ പ്രകാരം അതോറിറ്റി രൂപീകരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഡാം സുരക്ഷാ അതോറിറ്റിയുമായി ബന്ധപ്പെട്ട വിശദാംശംങ്ങള്‍ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയാണ് നിലവില്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ വിലയിരുത്തല്‍ നടത്തി തീരുമാനം കൈക്കൊള്ളുന്നത്. ഡാം സുരക്ഷാ അതോറിറ്റി നിയമം 2021 പ്രകാരം രൂപീകരിച്ച പുതിയ അതോറിറ്റി നിലവില്‍ വന്നതോടെ മേല്‍നോട്ട സമിതി അപ്രസക്തമാകുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ സ്ഥിതിചെയ്യുകയും തമിഴ്‌നാടിന് ഉടമസ്ഥാവകാശം ഉള്ളതുമായ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അതോറിറ്റി രൂപീകരിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച അതോറിറ്റിയില്‍ നാല് അംഗങ്ങളാണുള്ളത്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി റീജിയണല്‍ ഡയറക്ടറാണ് ചെയര്‍മാന്‍. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഓരോ അംഗങ്ങളും ഈ സമിതിയില്‍ ഉണ്ടാകും. ഡാം സുരക്ഷാ അതോറിറ്റി റീജിയണല്‍ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറാണ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന റിപ്പോര്‍ട്ട് കേന്ദ്ര ജലകമ്മിഷന്‍ സുപ്രീം കോടതിക്ക് കഴിഞ്ഞ മാസം കൈമാറിയിരുന്നു. 

Eng­lish Sum­ma­ry: Mul­laperi­yar: The Cen­ter has formed a secu­ri­ty authority

You may also like this video

Exit mobile version