മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകളില്‍ സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിക്ക് അണക്കെട്ട് സുരക്ഷാ നിയമ പ്രകാരം ദേശീയ ഡാം സേഫ്റ്റി അതോറിറ്റിയുടെ താല്‍ക്കാലിക ചുമതല നല്‍കാന്‍ ധാരണ. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, എ എസ് ഓക, സി ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇന്നലെ കേസുകള്‍ പരിഗണിച്ചത്.
മേല്‍നോട്ട സമിതിക്ക് അധികാരങ്ങള്‍ ഇല്ലെന്ന ആക്ഷേപം കേരളവും തമിഴ്‌നാടും ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അണക്കെട്ട് സുരക്ഷാ നിയമ പ്രകാരം രൂപീകരിക്കുന്ന ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ അധികാരങ്ങള്‍ നല്‍കാമെന്ന നിരീക്ഷണം സുപ്രീം കോടതി നടത്തിയത്. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി രൂപീകരണത്തിന് ഒരു വര്‍ഷമോ താല്‍ക്കാലിക സമിതി രൂപീകരണത്തിന് ഒരു മാസമോ സമയമെടുക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടി കോടതിയെ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ അതോറിറ്റി രൂപീകരണത്തിന് കാലതാമസം നേരിടുമെന്ന് വ്യക്തമാക്കിയതോടെയാണ് പുതിയ താല്‍ക്കാലിക സംവിധാനം രൂപീകരിക്കാമെന്ന നിര്‍ദേശം കോടതി മുന്നോട്ടു വച്ചത്. മേല്‍നോട്ട സമിതിയില്‍ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ നിര്‍ദേശിക്കുന്ന ഓരോ വിദഗ്ധരെകൂടി ഉള്‍പ്പെടുത്തും. മേല്‍നോട്ട സമിതി ശക്തിപ്പെടുത്താനും അണക്കെട്ടുമായി ബന്ധപ്പെട്ട സമഗ്ര വിഷയങ്ങളിലും തീരുമാനമെടുക്കാനും സമിതിക്ക് അധികാരമുണ്ട്. ബെഞ്ച് മുന്നോട്ടുവച്ച നിര്‍ദേശത്തെ കേന്ദ്ര സര്‍ക്കാര്‍ പിന്തുണച്ചു.
ബന്ധപ്പെട്ട ഉത്തരവു വ്യാഴാഴ്ച ഉണ്ടാകുമെന്നും ഈ തീരുമാനത്തിനു പാകത്തില്‍ യോഗം ചേര്‍ന്ന് മിനിട്‌സ് സമര്‍പ്പിക്കാനും കോടതി ഇരു സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. അണക്കെട്ട് സുരക്ഷാ അതോറിറ്റി പൂര്‍ണ തോതില്‍ രൂപീകൃതമാകും വരെയുള്ള താല്‍ക്കാലിക സംവിധാനമാണ് സമിതിക്ക് കൂടുതല്‍ അധികാരങ്ങളും സമിതി വിപൂലീകരണവുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇനിയൊരു ഉത്തരവുണ്ടാകും വരെ അണക്കെട്ടുമായി ബന്ധപ്പെട്ട സകല പ്രവര്‍ത്തനങ്ങളും നടത്താന്‍ സമിതിക്ക് അധികാരമുണ്ട്. മേല്‍നോട്ട സമിതിക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കും. മേല്‍നോട്ട സമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ട്. മേല്‍നോട്ട സമിതി ശക്തിപ്പെടുത്തണമെന്ന് കേരളം നേരത്തെ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
English summary;Mullaperiyar: The oversight committee has more power
You may also like this video;