Site iconSite icon Janayugom Online

മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കിയേക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ട് കേസില്‍ മേല്‍നോട്ട സമിതിക്ക് അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരം നല്‍കുന്നത് സുപ്രീം കോടതിയുടെ പരിഗണനയില്‍. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, എ എസ് ഓക, സി ടി രവി കുമാര്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കേസുകള്‍ പരിഗണിച്ചത്.

അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇരു സംസ്ഥാനങ്ങളും സമയ ബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെങ്കില്‍ മേല്‍നോട്ട സമിതിയില്‍ നിക്ഷിപ്തമായ ഫണ്ട് ഉപയോഗിച്ച് അണക്കെട്ട് ബലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കുന്ന ഉത്തരവു പുറപ്പെടുവിക്കുന്ന കാര്യത്തില്‍ കേരളത്തോടും തമിഴ്‌നാടിനോടും കോടതി വാക്കാല്‍ അഭിപ്രായം ആരാഞ്ഞു. ഇക്കാര്യത്തില്‍ യോഗം ചേര്‍ന്ന് അതിന്റെ തീരുമാനവും യോഗത്തിന്റെ മിനിട്‌സും സമര്‍പ്പിക്കാന്‍ കോടതി ഇരു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.

മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തുക, ഇതില്‍ വീഴ്ച വരുത്തിയാല്‍ കോടതി അലക്ഷ്യമായി ഇതിനെ കണക്കാക്കുക ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിലപാട് അറിയിക്കാനാണ് സുപ്രീം കോടതി ഇരു സംസ്ഥാനങ്ങളുടെയും അഭിഭാഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും ഉത്തരവെന്നും കോടതി വ്യക്തമാക്കി. 

Eng­lish Summary:Mullaperiyar: The over­sight com­mit­tee may be giv­en more powers
You may also like this video

Exit mobile version