Site iconSite icon Janayugom Online

മുല്ലപ്പെരിയാർ: ജലനിരപ്പ്‌ 136 അടിയിൽ തുടരുന്നു

ഇടുക്കിയിൽ മഴ കുറഞ്ഞെങ്കിലും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകളും തുറന്നുള്ള ജലം ഒഴുക്കൽ തുടരുന്നു. 136. 40 അടിയിൽ നിന്ന് ജല നിരപ്പ് താഴാത്ത സാഹചര്യത്തിലാണിത്. ജലനിരപ്പ് 136 അടി എത്തിയപ്പോഴാണ് സ്പില്‍വേ ഷട്ടറുകള്‍ തുറക്കാൻ തമിഴ്‌നാട് ജലസേചന വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ പീരുമേട് പ്രദേശത്ത് മഴയ്ക്ക് ശമനമായി. 

മുല്ലപ്പെരിയാർ ഡാമിലെ വെള്ളം ഒഴുകിയിട്ടും പെരിയാറിന്റെ തീര പ്രദേശങ്ങളില്‍ വെള്ളമുയർന്നില്ല. ഡാമില്‍ നിന്നുള്ള വെള്ളം വള്ളക്കടവ്, ചപ്പാത്ത്, മഞ്ചുമല, വണ്ടിപ്പെരിയാർ ടൗണ്‍, പശുമല, മ്ലാമല, കരിങ്കുളം ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവില്‍ തുടങ്ങിയ പ്രദേശങ്ങളിലെ നദീ തീരത്ത് താമസിക്കുന്നവരെ ഒരു രീതിയിലും ബാധിച്ചില്ല. അണക്കെട്ടിലേക്ക്‌ ഇന്നലെ പകൽ ഒഴുകിയെത്തിയത്‌ സെക്കന്റിൽ 2462.96 ഘനയടി വെളളമാണ്‌. അണക്കെട്ടിൽ നിന്ന്‌ ടണലും കനാലും വഴി തമിഴ്‌നാട്ടിലേക്ക്‌ 2480 ഘനയടി വെളളവും പെരിയാറ്റിലേക്ക്‌ 2843.96 ഘനയടി വെളളവും ഒഴുക്കുന്നുണ്ട്‌. കഴിഞ്ഞ വർഷം ഇതേ ദിവസം 123.70 അടി വെളളമായിരുന്നു ഡാമിലുണ്ടായിരുന്നത്‌. 

Exit mobile version