Site iconSite icon Janayugom Online

മുംബൈ വായു മലിനീകരണം; ഭരണസംവിധാനങ്ങള്‍ക്കെതിരെ ബോബെ ഹൈക്കോടതി

നഗരത്തിലെ രൂക്ഷമായ വായുമലിനീകരണത്തില്‍ ഭരണസംവിധാനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി. വായുമലിനീകരണം തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും വികസനം മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാകണമെന്നും ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖരും ജസ്റ്റിസ് ഗൗതം അങ്കദുമടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വായു മലിനീകരണം തടയാന്‍ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍‍പ്പറേഷനും (ബിഎംസി) മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും (എംപിസിബി) നഗരത്തില്‍ മലിനീകരണം തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു. 

ഒരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ എല്ലാത്തിനും മാനദണ്ഡങ്ങള്‍ ആവശ്യമാണ്. കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ ഒന്നും നിയന്ത്രിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ല. എല്ലാവരും മൗലിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ ഭാഗമായി വായു മലിനീകരണം പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കണമെന്നും കോടതി പറഞ്ഞു. കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ബിഎംസി കമ്മിഷണര്‍ ഭൂഷന്‍ ഗഗ്രാനി, എംപിസിബി സെക്രട്ടറി ദേവേന്ദ്ര സിങ്ങും ഇന്നലെ കോടതിക്ക് മുമ്പാകെ ഹാജരായിരുന്നു. മുംബൈയിലെ വായു ഗുണനിലവാര സൂചിക മോശമാകുന്നത് സംബന്ധിച്ച് ലഭിച്ച ഒരു കൂട്ടം പൊതുതാല്പര്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. നിര്‍മ്മാണതൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഏതെങ്കിലും തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. കുറഞ്ഞത് അവര്‍ക്കൊരു മാസ്ക് എങ്കിലും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Exit mobile version