Site iconSite icon Janayugom Online

ശതകോടീശ്വരന്മാരുടെ നഗരമായി മുംബൈ

ഏഷ്യയില്‍ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള നഗരമായി മുംബൈ. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിനെ പിന്തള്ളിയാണ് മുംബൈ ഈ നേട്ടം സ്വന്തമാക്കിയത്. ബെയ്ജിങ്ങിലെ 16,000 ചതുരശ്ര കിലോമീറ്ററില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ശതകോടീശ്വരന്മാരാണ് ഇപ്പോള്‍ മുംബൈയിലെ 603 ചതുരശ്ര കിലോമീറ്ററില്‍ ഉള്ളത്. 2024 ലെ ഹുറുണ്‍ റിസര്‍ച്ചിന്റെ ആഗോള സമ്പന്ന പട്ടിക പ്രകാരം ഒരു വര്‍ഷത്തിനിടെ മുംബൈയില്‍ നിന്ന് 26 ശതകോടീശ്വരന്മാരാണ് ഉണ്ടായത്. ബെയ്ജിങ്ങില്‍ ഇത് 18 ആണ്. ഇതോടെ ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ തലസ്ഥാനമായി മുംബൈ മാറി. 

119 ശതകോടീശ്വരന്മാരുമായി ഏഴ് വര്‍ഷത്തിന് ശേഷം അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരം ഒന്നാമതെത്തി. 97 പേരുമായി ലണ്ടനാണ് രണ്ടാം സ്ഥാനത്ത്. 92 ശതകോടീശ്വരന്മാരുമായി മുംബൈ മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള ബെയ്ജിങ്ങില്‍ 91 ശതകോടീശ്വരന്മാരാണുള്ളത്. ഇന്ത്യയില്‍ ആകെ 271 ശതകോടീശ്വരന്മാരാണ് ഉള്ളതെങ്കില്‍ ചൈനയില്‍ 814 ശതകോടീശ്വരന്മാരാണ് ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുംബൈയുടെ മൊത്തം ശതകോടീശ്വരന്മാരുടെ ആസ്തി മുന്‍ വര്‍ഷത്തേക്കാള്‍ 47 ശതമാനം വര്‍ധിച്ച് 445 ബില്യണ്‍ ഡോളറായി. എന്നാല്‍ ബെയ്ജിങ്ങില്‍ മൊത്തം ശതകോടീശ്വരന്മാരുടെ സമ്പത്ത് 28 ശതമാനം കുറഞ്ഞ് 265 ബില്യണ്‍ ഡോളറായി. ഊര്‍ജ്ജ, ഔഷധനിര്‍മ്മാണ മേഖലകളാണ് മുംബൈയുടെ സമ്പത്തില്‍ ബൃഹത് പങ്ക് വഹിക്കുന്നതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ചൈനയിലാണ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ളത്- 814 പേര്‍. യുഎസില്‍ 800 പേരാണുള്ളത്. 271 ശതകോടീശ്വരന്മാരുള്ള ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യു എസും ഇന്ത്യയും യഥാക്രമം 109ഉം 84ഉം ശതകോടീശ്വരന്മാരെ പുതുതായി പട്ടികയില്‍ ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ആകെ 167 പേര്‍ പട്ടികയില്‍ പുതുതായി ഇടം നേടി. ലോകത്ത് ഇപ്പോള്‍ 3,279 ശതകോടീശ്വരന്മാരുണ്ടെന്നും ഹുറുണ്‍ സമ്പന്ന പട്ടികയില്‍ പറയുന്നു. 

Eng­lish Summary:Mumbai as a city of billionaires

You may also like this video

Exit mobile version