Site iconSite icon Janayugom Online

മുംബൈ സ്ഫോടനക്കേസ് : പ്രതിചേര്‍ക്കപ്പെട്ട 12 പേരെയും മുംബൈ ഹൈക്കോടതി വെറുതെ വിട്ടു

2006ലെ മുംബൈ ലോക്കല്‍ ട്രെയിന്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 12 പേരെയും മുംബൈ ഹൈക്കോടതി വെറുതെ വിട്ടു. ഇവർക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു.നഗരത്തിലെ റെയിൽവേ ശൃംഖലയെ പിടിച്ചുകുലുക്കുകയും 180-ലധികം പേരുടെ മരണത്തിനും ഒട്ടേറെ പേരുടെ പരിക്കിനും ഇടയാക്കുകയും ചെയ്ത ഭീകരാക്രമണത്തിന് 19 വർഷത്തിന് ശേഷമാണ് വിധി വരുന്നത്.

പ്രോസിക്യൂഷൻ തെളിവുകൾ പര്യാപ്തമായിരുന്നില്ലെന്ന് ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി പ്രത്യേക ബെഞ്ച് പറഞ്ഞു. പ്രതികൾക്കെതിരെ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടു. പ്രതികളാണ് ഈ കുറ്റം ചെയ്തതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അതിനാൽ ഇവരുടെ ശിക്ഷ റദ്ദാക്കുന്നു.ഹൈക്കോടതി പറഞ്ഞു. 

വിചാരണ കോടതി അഞ്ച് പേർക്ക് വധശിക്ഷയും ഏഴ് പേർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. എന്നാൽ, ഇത് ശരിവെക്കാൻ വിസമ്മതിച്ച പ്രത്യേക ബെഞ്ച് എല്ലാവരെയും വെറുതെവിട്ടു. മറ്റ് കേസുകളിൽ പ്രതിയല്ലെങ്കിൽ, ഇവരെ ഉടൻ ജയിലിൽനിന്ന് മോചിപ്പിക്കണമെന്നും കോടതി പറഞ്ഞു. 2015‑ൽ വിചാരണ കോടതി കേസിലെ 12 പേരെയും കുറ്റക്കാരായി കണ്ടെത്തുകയും അവരിൽ അഞ്ച് പേർക്ക് വധശിക്ഷയും ഏഴ് പേർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു.

ഫൈസല്‍ ഷെയ്ഖ്, ആസിഫ് ഖാന്‍, കമാല്‍ അന്‍സാരി, എഹ്‌തെഷാം സിദ്ദുഖി, നവീദ് ഖാന്‍ എന്നിവര്‍ക്കായിരുന്നു വധശിക്ഷ വിധിച്ചിരുന്നത്.ഗൂഢാലോചനയില്‍ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അന്‍സാരി, മുഹമ്മദ് അലി, ഡോ. തന്‍വീര്‍ അന്‍സാരി, മജീദ് ഷാഫി, മുസമ്മില്‍ ഷെയ്ഖ്, സൊഹൈല്‍ ഷെയ്ഖ്, സമീര്‍ ഷെയ്ഖ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചിരുന്നു. 2006 ജൂലൈ 11‑ന് മുംബൈ നഗരത്തിലെ ലോക്കൽ ട്രെയിൻ ശൃംഖലയിലെ വിവിധ സ്ഥലങ്ങളിലായി നടന്ന ഏഴ് സ്‌ഫോടനങ്ങളിൽ 180-ലധികം പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

Exit mobile version