ബ്രേക്കിങ് ബാഡ് പരമ്പരയ്ക്ക് സമാനമായ രീതിയില്‍ മയക്കുമരുന്ന് നിര്‍മ്മാണം നടത്തിയ ഓര്‍ഗാനിക് കെമിസ്ട്രി വിദഗ്ധനും നാല് സഹായികളും മുംബൈയില്‍ പിടിയില്‍. മരുന്ന് നിര്‍മ്മാണ ശാലയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1400 കോടി രൂപ വിലമതിക്കുന്ന 700 കിലോഗ്രാം നിരോധിത മരുന്നായ മെഫെഡ്രോണും ഇവിടെ നിന്ന് പിടികൂടി. പല്‍ഗാര്‍ ജില്ലയിലെ നലസോപരയിലുള്ള മരുന്നുനിര്‍മ്മാണ യൂണിറ്റില്‍ മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍ക്കോട്ടിക്സ് സെല്‍ (എഎന്‍സി) ആണ് പരിശോധന നടത്തിയത്.
മ്യൂ മ്യൂ, എംഡി എന്നീ പേരുകളിലും മെഫെഡ്രോണ്‍ അറിയപ്പെടുന്നു. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോഫിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരം ഇതിന്റെ ഉപയോഗം നിരോധിച്ചിരിക്കുകയാണ്. പണത്തിന് വേണ്ടി രാസവസ്തുക്കള്‍ കൂട്ടിചേര്‍ത്ത് മയക്കുമരുന്ന് നിര്‍മ്മിക്കുന്ന കെമിസ്ട്രി അധ്യാപകന്‍ വാള്‍ട്ടര്‍ വൈറ്റിന്റെയും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളുടെയും കഥ പറയുന്ന നെറ്റ്ഫ്ലിക്സ് പരമ്പരയാണ് ബ്രേക്കിങ് ബാഡ്. ഇതിന് സമാനമായ രീതിയിലായിരുന്നു മുംബൈയിലെ നിര്‍മ്മാണകേന്ദ്രത്തിന്റെ പ്രവര്‍ത്തനമെന്ന് എഎന്‍സി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയ ആളാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്. മെഫെഡ്രോണ്‍ നിര്‍മ്മാണത്തിന് ആവശ്യമായ മരുന്ന് ഘടകങ്ങളെല്ലാം സാധാരണ മരുന്ന് വിപണിയില്‍ ലഭ്യമാണ്. മയക്കുമരുന്ന് നിര്‍മ്മിച്ച് വില്പന നടത്തി ഇവര്‍ കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മുംബൈയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിതെന്നും എഎന്‍സി ഡിസിപി ദത്താ നലവാഡേ അറിയിച്ചു.
English Summary:Mumbai Breaking Bad seized drugs worth 1400 crores
You may also like this video