Site iconSite icon Janayugom Online

മുംബൈ കോളജിൽ ഹിജാബ് വിലക്ക് പിൻവലിച്ചു; നിഖാബിന് മാത്രം നിയന്ത്രണം, പ്രതിഷേധിച്ച വിദ്യാർത്ഥിനികൾക്കെതിരെ കേസ്

ഗോർഗാവിലെ വിവേക് വിദ്യാലയ ആൻഡ് ജൂനിയർ കോളേജിൽ ഏർപ്പെടുത്തിയ ഹിജാബ് വിലക്ക് വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് കോളജ് അധികൃതർ പിൻവലിച്ചു. ക്യാംപസിലും ക്ലാസ് മുറികളിലും ഹിജാബിനും നിഖാബിനും വിലക്കേർപ്പെടുത്തി കഴിഞ്ഞയാഴ്ചയാണ് കോളജ് സർക്കുലർ പുറത്തിറക്കിയത്. ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് പ്രവേശിക്കാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. തീരുമാനത്തിനെതിരെ നിരവധി വിദ്യാർത്ഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും മാനേജ്‌മെൻ്റ് വഴങ്ങിയില്ല. ഇതോടെ, ഏതാനും വിദ്യാർത്ഥിനികൾ ക്യാംപസിന് പുറത്ത് നിരാഹാര സമരം ആരംഭിച്ചു. എഐഎംഐഎം വനിതാ വിഭാഗം വൈസ് പ്രസിഡൻ്റ് അഡ്വ. ജഹനാര ഷെയ്ഖ് വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി എത്തി. കോളജിൻ്റെ ഈ നടപടി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 25 എന്നിവയുടെ ലംഘനമാണെന്ന് എസ്ഐഒ ഉൾപ്പെടെയുള്ള സംഘടനകൾ ചൂണ്ടിക്കാട്ടി.

പ്രതിഷേധം ശക്തമായതിനെത്തുടർന്ന്, മാനേജ്‌മെൻ്റ് തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്ന് പൊലീസ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷവും കോളജ് നിലപാട് മാറ്റാതിരുന്നതോടെ വിദ്യാർത്ഥികൾ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു. ഇതോടെ വൈകുന്നേരത്തോടെ കോളജ് മാനേജ്‌മെൻ്റ് വഴങ്ങി. വിദ്യാർത്ഥിനികൾക്ക് ഹിജാബ് ധരിച്ച് കോളജിൽ വരാൻ അനുമതി നൽകി. എന്നാൽ, മുഖം മറയ്ക്കുന്ന നിഖാബ് ധരിക്കാൻ പാടില്ല എന്ന് മാനേജ്‌മെൻ്റ് അറിയിച്ചു. പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ട്രസ്റ്റിയുമടക്കമുള്ളവർ പൊലീസ് സ്റ്റേഷനിലെത്തി ഹിജാബ് അനുവദനീയമാണെന്നും നിഖാബിന് മാത്രമാണ് വിലക്കുള്ളതെന്നും വ്യക്തമാക്കി. ഈ തീരുമാനത്തിൽ പ്രതിഷേധക്കാർ സംതൃപ്തരാണെന്നും പ്രശ്നം സമാധാനപരമായി അവസാനിച്ചെന്നും പൊലീസ് അറിയിച്ചു. അതേസമയം, കോളജിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർത്ഥിനികൾക്കെതിരെ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നും സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി തർക്കിച്ചെന്നും ആരോപിച്ച് ആറ് വിദ്യാർത്ഥിനികൾക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Exit mobile version