Site iconSite icon Janayugom Online

മുംബൈയില്‍ ഓക്സിജന്‍ കിടക്കകളിലുള്ള 96 ശതമാനം പേരും വാക്സിനെടുക്കാത്തവര്‍

ഓക്സിജന്റെ സഹായത്തോടെ മുംബൈയിലെ ആശുപത്രികളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന 96 ശതമാനം ആളുകളും വാക്സിന്‍ സ്വീകരിക്കാത്തവര്‍. ഇവരില്‍ കൂടുതലും 40 മുതല്‍ 50 വയസുവരെ പ്രായമുള്ളവരാണെന്നും ബൃഹന്‍ മുംബൈ കോര്‍പറേഷന്‍ മുന്‍സിപ്പല്‍ കമ്മിഷണര്‍ ഇഖ്ബാല്‍ ചാഹല്‍ പറഞ്ഞു. 1,900 കോവിഡ് രോഗികളാണ് ഓക്സിജന്‍ കിടക്കകളിലുള്ളത്. ഇതില്‍ നാലു ശതമാനം പേര്‍ മാത്രമാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,925 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 20,971 കേസുകളും മുംബൈയിലാണ്. നഗരത്തിലെ സജീവ രോഗികളുടെ എണ്ണം ഒരുലക്ഷത്തിലധികമാണ്. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ആലോചനയിലുണ്ടെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

കര്‍ണാടകയിലും ഡല്‍ഹിയിലും വാരാന്ത്യ കര്‍ഫ്യൂ നിലവില്‍ വന്നു. വെള്ളിയാഴ്ച രാത്രി നിലവില്‍ വന്ന കര്‍ഫ്യൂ നാളെ രാവിലെ വരെ തുടരും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

eng­lish sum­ma­ry; mum­bai covid situation

you may also like this video;

Exit mobile version