മുനമ്പത്തെ ഭൂമി വഖഫ് ഉടമസ്ഥതയില്‍ അല്ലെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസ് കോടതി വീണ്ടും പരിഗണിക്കുന്ന ജനുവരി 27 വരെ തല്‍സ്ഥിതി തുടരാനും ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവായി. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യുന്നു. മുനമ്പം തര്‍ക്കവുമായി ബന്ധപ്പെട്ട് മുന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ കമ്മിഷന്‍ നടത്തുന്ന അന്വേഷണങ്ങള്‍ തുടരാമെന്നും ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. കേസിലെ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ആറാഴ്ചയ്ക്കുള്ളില്‍ നോട്ടീസിനു മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ കേരളാ വഖഫ് സംരക്ഷണ വേദി സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി ഇന്നലെ പരിഗണിച്ചത്.
1950ല്‍ സിദ്ദിഖ് സെയ്ത് ഫാറൂഖ് കോളജിന് സമ്മാനിച്ചതാണ് മുനമ്പത്തെ 135 ഏക്കര്‍ ഭൂമി. പ്രദേശവാസികളുടെ കൈവശമായിരുന്നു ഭൂമി ഉണ്ടായിരുന്നത്. ഫാറുഖ് കോളജ് ഇവിടുത്തെ താമസക്കാര്‍ക്ക് ഇത് വില്‍ക്കുകയും ചെയ്തു. മുമ്പ് നടന്ന വില്പന അസാധുവാക്കി 2019 ല്‍ കേരളാ വഖഫ് ബോര്‍ഡ് ഈ ഭൂമി വഖഫായി രജിസ്റ്റര്‍ ചെയ്തു. കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിട്ട മുനമ്പത്തെ താമസക്കാര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു.

