Site iconSite icon Janayugom Online

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; അന്തിമ പട്ടികയിൽ 402 ഗുണഭോക്താക്കൾ

മുണ്ടക്കൈ — ചൂരൽമല പുനരധിവാസ ടൗൺഷിപ്പിനായുള്ള അന്തിമ ഗുണഭോക്തൃ പട്ടികയിൽ 402 പേര്‍. ടൗൺഷിപ്പിലേക്ക് അർഹരായവരുടെ രണ്ടാംഘട്ട 2 ബി അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ 73 ഗുണഭോക്താക്കള്‍ കൂടി ഉൾപ്പെട്ടു. കരട് 2 ബി പട്ടികയിൽ ഉൾപ്പെട്ട 70 ഗുണഭോക്താക്കളും ആക്ഷേപങ്ങളുടെയും അപേക്ഷയുടെയും അടിസ്ഥാനത്തിൽ കണ്ടെത്തിയ മൂന്ന് ഗുണഭോക്താക്കളുമാണ് പട്ടികയിലുൾപ്പെട്ടത്.

ടൗൺഷിപ്പിലേക്കായുള്ള ആദ്യ ഗുണഭോക്തൃ പട്ടികയിൽ 242 പേരും രണ്ടാംഘട്ട 2 എ പട്ടികയിൽ 87 പേരും രണ്ടാംഘട്ട 2ബി പട്ടികയിൽ 73 പേരും ഉൾപ്പെടെ 402 ആളുകളാണുള്ളത്. പൊതുജനങ്ങൾക്ക് അന്തിമ 2 ബി പട്ടിക കളക്ടറേറ്റ്, മാനന്തവാടി ആർഡിഒ ഓഫിസ്, വൈത്തിരി താലൂക്ക് ഓഫിസ്, വെള്ളരിമല വില്ലേജ് ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, ജില്ലാ ഭരണകൂടത്തിന്റയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വെബ്സൈറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധിക്കാം. അന്തിമ പട്ടികയിൽ ആക്ഷേപമോ പരാതിയോ ഉള്ളവർക്ക് ദുരന്ത നിവാരണ (എ) വകുപ്പിൽ നൽകാമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.

ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം അനുവദിക്കാൻ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന് വിശദ വിലവിവര റിപ്പോർട്ടിൽ പരാമർശിച്ച 26,56,10,769 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും. ടൗൺഷിപ്പ് നിർമ്മിക്കുന്നതിന് വൈത്തിരി താലൂക്ക് കല്പറ്റ വില്ലേജിൽ ബ്ലോക്ക് 19 ൽ റീസർവേ നമ്പർ 88/158, 88/159, 88/62 88/66, 88/137 എന്നിവയിൽപ്പെട്ട എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഏഴും മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട 14ഉം കുട്ടികൾക്ക് പഠനാവശ്യത്തിനുവേണ്ടി മാത്രം 10 ലക്ഷം രൂപ വീതം അനുവദിക്കാനും തീരുമാനിച്ചു. 18 വയസുവരെ തുക പിൻവലിക്കാൻ കഴിയില്ലെന്ന വ്യവസ്ഥയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം. വനിതാശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്. തുക ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ രക്ഷകർത്താവിന് ഓരോ മാസവും നൽകുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

വയനാട് ടൗൺഷിപ്പ് പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ച പദ്ധതി നിർവഹണ യൂണിറ്റിൽ വിവിധ തസ്തികകളും അനുവദിച്ചു. അക്കൗണ്ട്സ് ഓഫിസർ, സിവിൽ എൻജിനീയർ എന്നീ തസ്തികകൾ സൃഷ്ടിക്കും. ഫിനാൻസ് ആന്റ് അക്കൗണ്ട്സ് ഓഫിസർ എന്ന തസ്തിക ഫിനാൻസ് ഓഫിസർ എന്ന് പുനർനാമകരണം ചെയ്യും. സ്റ്റാഫിന്റെ നിയമനം നടത്തുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്പെഷ്യൽ ഓഫിസർക്ക് അനുമതി നൽകും.
പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിന്റെ തലവനായി വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്പെഷ്യൽ ഓഫിസറെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

Exit mobile version