Site iconSite icon Janayugom Online

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഏറ്റെടുത്തു

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് നിർമാണത്തിന് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുത്തു. 26 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവച്ചാണ് ഔദ്യോഗിക ഏറ്റെടുക്കൽ. മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ടൗൺഷിപ്പിന് തറക്കല്ലിടും. വയനാട് എംപി പ്രിയങ്കാഗാന്ധി ചടങ്ങിൽ പങ്കെടുക്കും. ഭൂമി ഏറ്റെടുക്കലിന് ഹൈക്കോടതി അനുമതി ലഭിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്. ഭൂമി ഏറ്റെടുക്കുമ്പോൾ കുടിയൊഴിയേണ്ടി വരുന്ന എസ്റ്റേറ്റിലെ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിക്കുമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ പറഞ്ഞു. 

കോടതിയിൽ പണം കെട്ടിവെക്കണമെന്ന ഉത്തരവ് ലഭിച്ചതിന് പിന്നാലെ തന്നെ പണം അടച്ചുവെന്നും കലക്ടർ വ്യക്തമാക്കി. തുടർന്ന് എൽസ്റ്റൺ എസ്റ്റേറ്റ് അധികൃതരുമായും ചർച്ച നടത്തിയെന്നും കളക്ടർ വ്യക്തമാക്കി. തറക്കല്ലിടലുമായി ബന്ധപ്പെട്ട് എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഹൈക്കോടതിയുടെ അന്തിമാനുമതി ലഭിച്ചാൽ വീടുകളുടെ നിർമാണം ഡിസംബറിൽ പൂർത്തിയാക്കാൻ കഴിയുമെന്ന്് നിർമാണക്കരാർ ലഭിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി വ്യക്തമാക്കി. 

Exit mobile version