മുണ്ടക്കൈ ഉരുൾപൊട്ടൽ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസംഘം 25ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് അന്തിമ റിപ്പോർട്ട് നൽകും. ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘമാണ് പഠനത്തിനായെത്തിയത്. ആറംഗ സംഘം രണ്ടുതവണയായി ദുരന്തമേഖലയിലെത്തി പഠനം നടത്തിയിരുന്നു. പാറയും മണ്ണും മണലുമെല്ലാം ഉൾപ്പെടെ 25 ലക്ഷം മീറ്റർ ക്യൂബ് വസ്‌തുക്കൾ ഉരുളിൽ ചൂരൽമലയിലേക്ക് ഒഴുകിയെത്തിയെന്നാണ് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്‌റ്റഡീസിലെ മുൻ ശാസ്‌ത്രജ്ഞനായ ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധസമിതിയുടെ കണ്ടെത്തൽ.
അതിശക്ത മഴയിൽ പാളികളായ പാറയും മണ്ണും നിരങ്ങി ഇറങ്ങിയതാണ് ഉരുൾപൊട്ടലിന്റെ കാരണമായത്. രണ്ടോ മൂന്നോ ഇടങ്ങളിൽ അണക്കെട്ട് രൂപപ്പെട്ട് പൊട്ടിയത്(ഡാമിങ് ഇഫക്ട്) ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചു. നേരത്തെ 18ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഓണം അവധിയെ തുടർന്നാണ് നീണ്ടത്. പ്രാഥമിക റിപ്പോർട്ട് നേരത്തെ സർക്കാരിന് നൽകി. പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലങ്ങൾ പരിശോധിച്ചും റിപ്പോർട്ട് നൽകി.
ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിൽവരെ സംഘം പരിശോധന നടത്തിയിരുന്നു. ചൂരൽമല മുതൽ സൂചിപ്പാറവരെയുള്ള ഭാഗങ്ങളിൽ സുരക്ഷിതവും അല്ലാത്തതുമായ പ്രദേശങ്ങളും നിർണയിച്ചു. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽ സംബന്ധിച്ച ഉപദേശകസമിതിയും ദുരന്തമേഖലയിൽ പരിശോധന നടത്തി. വിദഗ്‌ധ സമിതി നൽകുന്ന അന്തിമ റിപ്പോർട്ട് ഉപദേശക സമിതി പരിശോധിച്ച് ഇവരുടെ കണ്ടെത്തലുകൾകൂടി ഉൾപ്പെടുത്തി സർക്കാരിന് നൽകണം.