Site iconSite icon Janayugom Online

മുണ്ടൂർ കൊലപാതകം; നിര്‍ണായകമായത് കഴുത്തിലെ എല്ലുപൊട്ടല്‍

മുണ്ടൂർ ശങ്കരംകണ്ടം അയിനിക്കുന്നത്ത് വീട്ടിൽ തങ്കമണിയെ(77) റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കഴുത്തിലെ എല്ലുപൊട്ടിയത് കേസില്‍ നിര്‍ണായകമായി. അമ്മ വഴിയിൽ വീണു കിടക്കുകയായിരുന്നു എന്നാ4ണ് മകള്‍ പൊലീസില്‍ മൊഴി നല്‍കിയത്.

വയോധികയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മകൾ സന്ധ്യ (45), ആണ്‍സുഹൃത്തും അയൽവാസിയുമായ ശങ്കരംകണ്ടം ചിറ്റിലപ്പിള്ളി വീട്ടിൽ നിതിൻ (29) എന്നിവരെ അറസ്റ്റ് ചെയ്തു. തങ്കമണിയുടെ സ്വർണം പണയം വച്ചതും കേസിൽ നിർണായകമായി.

അമ്മയോടൊപ്പം ശങ്കരംകണ്ടത്തെ വീട്ടിലാണ് സന്ധ്യയും ഭർത്താവും രണ്ട് മക്കളുമടങ്ങിയ കുടുംബം കഴിയുന്നത്. ശനിയാഴ്ച വൈകിട്ട് 4.30ന് വീട്ടിൽ തങ്കമണിയും സന്ധ്യയും തമ്മിൽ വഴക്കിട്ടതിനെത്തുടർന്ന് സന്ധ്യ അമ്മയെ കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിയിട്ടുവെന്നും തലയിടിച്ചു വീണാണ് തങ്കമണി മരിച്ചതെന്നും പൊലീസ് പറഞ്ഞു.

നിലത്തുകിടന്ന അമ്മയെ സന്ധ്യ തന്നെയാണ് കട്ടിലിലേക്ക് എടുത്തുകിടത്തിയത്. പിന്നീട് നിതിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് മൃതദേഹം വീടിനു പിറകിലൂടെ പറമ്പിലേക്കുള്ള വഴിയിൽ കൊണ്ടുവന്നിടുകയായിരുന്നു. 

നിതിന്‍ തന്നെയാണ് തങ്കമണിയുടെ മൃതദേഹം പറമ്പിലെ വഴിയിൽ കിടക്കുന്ന വിവരം നാട്ടുകാരെ വിളിച്ച് അറിയിച്ചത്. പോസ്റ്റ്മോർട്ടത്തിൽ തങ്കമണിയുടെ കഴുത്തിലെ രണ്ട് എല്ലുകൾ പൊട്ടിയതായി കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്നു തെളിഞ്ഞത്. പിന്നാലെയാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. 

Exit mobile version