നഗരസഭ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കെപിസിസിയിൽ പൊട്ടിത്തെറി. കോർ കമ്മിറ്റി ചെയർമാൻ പദവി മണക്കാട് സുരേഷ് രാജിവച്ചു.
കെപിസിസി മുന്നോട്ടുവച്ച മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് കെപിസിസി ജനറൽ സെക്രട്ടറിയായ സുരേഷ് കോർ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ചത്. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ഡിസിസി, കോർ കമ്മിറ്റി എന്നിവയ്‌ക്കും രാജിക്കത്ത് കൈമാറി.
സുരേഷിന് തെരഞ്ഞെടുപ്പ് കാര്യങ്ങൾ നോക്കാൻ സമയം കിട്ടാത്തിനാൽ ഒഴിവാക്കിത്തരണമെന്ന് അഭ്യർത്ഥിച്ചാണ് രാജിക്കത്ത് നൽകിയതെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള കെ മുരളീധരൻ പരിഹസിച്ചു. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ ആരെയും മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അതത് മണ്ഡലങ്ങളിലെ കോർ കമ്മിറ്റി ചർച്ച ചെയ്‌ത് സ്ഥാനാർത്ഥിപ്പട്ടിക ജില്ലാനേതൃത്വത്തിന് കൈമാറണമെന്നായിരുന്നു കെപിസിസി മാനദണ്ഡം. കോർകമ്മിറ്റി പരിഗണിച്ച പേരുകൾ വെട്ടി ബാധ്യസ്ഥരായവർ സ്വന്തം നിലയ്‌ക്ക് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് മണക്കാട് സുരേഷ് പറഞ്ഞു. ബിജെപിക്ക് സ്വാധീനമുള്ള നേമം മണ്ഡലത്തിൽ അവർക്ക് വിജയസാധ്യതയൊരുക്കുന്ന തരത്തിലാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചതെന്നാണ് പരാതി.
സാമുദായിക സന്തുലിതാവസ്ഥ പരിഗണിച്ച് ജി വി ഹരിയെയാണ് കോർ കമ്മിറ്റി തീരുമാനിച്ചിരുന്നത്. ഇത് വെട്ടിയാണ് നേമം ഷജീറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇത് ബിജെപിയെ സഹായിക്കാൻ വേണ്ടിയാണെന്നാണ് ആക്ഷേപം. പുഞ്ചക്കരി വാർഡിൽ മഹിളാ കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ ജി കൃഷ്‌ണവേണി റിബലായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പര്യടനം ആരംഭിച്ചു. കാഞ്ഞിരംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉപേഷ് സുഗതൻ, വിഴിഞ്ഞം മണ്ഡലം സെക്രട്ടറി വിനോദ്‌കുമാർ ഉൾപ്പെടെ അമ്പതോളംപേർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

