Site icon Janayugom Online

നഗരസഭാ വാർഡുകളുടെ ശുചിത്വ പ്രഖ്യാപനവും 
പൊന്നോണതോട്ടം ഉദ്ഘാടനവും നടത്തി

ആലപ്പുഴ: നഗരസഭ സമ്പൂർണ ശുചിത്വ പദവി കൈവരിക്കുന്നതിലേക്കുള്ള നിർമ്മല ഭവനം, നിർമ്മല നഗരം 2.0, അഴകോടെ ആലപ്പുഴ പദ്ധതി പ്രകാരം, മൂന്നാം ഘട്ടത്തിൽ 7 വാർഡുകൾ കൂടി സമ്പൂർണ്ണ ശുചിത്വ പദവി കൈവരിച്ചു. ഇരവുകാട്, കൊമ്മാടി, വലിയമരം, തുമ്പോളി, സിവിൽ സ്റ്റേഷൻ, വാടക്കനാൽ, തോണ്ടൻകുളങ്ങര, എന്നീ വാർഡുകളാണ് മൂന്നാം ഘട്ടത്തിൽ ശുചിത്വ പദവി നേടിയത്. ഈ വാർഡിലെ കൗൺസിലർമാരായ സൗമ്യരാജ്, മോനിഷശ്യാം, നസീർപുന്നക്കൽ, ലിൻറ ഫ്രാൻസിസ്, സിമിഷാഫിഖാൻ, റഹിയാനത്ത്, രാഖി രജികുമാർ എന്നിവർ പുരസ്കാരങ്ങളേറ്റുവാങ്ങി. നഗരസഭ ഏറ്റെടുത്ത ഏറ്റവും വലിയ ജനകീയ ക്യാംപെയ്നുകളിൽ ഒന്നാണിത്. മികച്ച നേതൃപാടവമാണ് കൗൺസിലർമാർ കാഴ്ചവച്ചത്.

ആലപ്പുഴ നഗരസഭയുടെ കാർഷിക പദ്ധതിയായ പൊന്നോണത്തോട്ടം രണ്ടാം വർഷവും ആരംഭിച്ചതിന്റെ ഉദ്ഘാടനം നടന്നു. നഗരസഭ ഓഫീസിനോട് ചേർന്നുള്ള ഒരേക്കർ സ്ഥലത്താണ് പച്ചക്കറി, ബന്ദി പൂ കൃഷി ആരംഭിച്ചത്. നഗരമാലിന്യം സംസ്കരിച്ച് ലഭിക്കുന്ന ജൈവവളം ഉപയോഗിച്ച് കൃഷി എന്നതാണ് പ്രത്യേകത. നഗരസഭ ജീവനക്കാരും, തൊഴിലാളികളുമാണ് പരിപാലനം. ഇതോടൊപ്പം 52 വാർഡുകളിലും ഗ്രൂപ്പ് കൃഷിയും, സാധ്യമായ ഭവനങ്ങളിലെല്ലാം അടുക്കളത്തോട്ടം, ടെറസ്സ് കൃഷി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ മുന്നൊരുക്കങ്ങളാണ് നഗരസഭ നടപ്പിലാക്കിയത്. വാർഡുകളിൽ കൃഷി ഗ്രൂപ്പുകളും, തിരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനവും ഒരുക്കി. ഓണപൂക്കളത്തിനായി മറുനാടിനെ ആശ്രയിക്കുന്ന പതിവ് ശൈലിയിൽ നിന്നും മാറ്റം വരേണ്ടതിനായുള്ള പരിശ്രമത്തിലാണ് നഗരസഭ. കാഴ്ചക്കാർക്ക് നവ്യാനുഭവം പകരാനും കൂടി ലക്ഷ്യമിട്ടാണ് ബന്ദി പൂ കൃഷി കൂടി ആരംഭിക്കുന്നത്. മാരകരോഗങ്ങളെ മാടിവിളിക്കുന്ന വിഷാംശം നിറഞ്ഞ പച്ചക്കറികൾ ഒഴിവാക്കി ജൈവകൃഷി പ്രോത്സാഹിപ്പിക്കുവാൻ കൂടി നഗരസഭ ഇതിലൂടെ ലക്ഷ്യം വക്കുന്നു.

ആലപ്പുഴ നഗരസഭ അങ്കണത്തിൽ പോന്നോണത്തോട്ടം കൃഷി ഉദ്ഘാടനവും, ശുചിത്വവാർഡ് പ്രഖ്യാപനവും, കൗൺസിലർമാരെ ആദരിക്കലും കൃഷിമന്ത്രി പി പ്രസാദ് നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ പി എസ് എം ഹുസൈർ സ്വാഗതം പറഞ്ഞു. കാൻ ആലപ്പിയുടെ സഹകരണത്തോടെ തയ്യാറാക്കിയ കഴിഞ്ഞ ഒന്നര വർഷക്കാലത്തെ നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങൾ അടങ്ങിയ പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രകാശനം മന്ത്രി പി പ്രസാദ് ചെയർപേഴ്സൺ സൗമ്യരാജിനു നൽകി നിർവ്വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീനരമേശ്, എ ഷാനവാസ്, കെ ബാബു, ആർ വിനിത, എം ആർ പ്രേം, ഡി പി മധു, പി സതീദേവി, നസീർപുന്നക്കൽ, പി രതീഷ്, എം ഒ വാർഡ് കൗൺസിലർ എ എസ് കവിത, പ്രിൻസിപ്പൾ അഗ്രികൾച്ചർ ഓഫീസർ വി രജിത, കൃഷി ഓഫീസർ സീതാരാമൻ, ഹെൽത്ത് ഓഫീസർ കെ പി വർഗ്ഗീസ്, കൗൺസിലർമാർ, പി എ ടു സെക്രട്ടറി വേണു തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version