Site iconSite icon Janayugom Online

മൂന്നാർ ഹിൽ ഏരിയാ അതോറിട്ടി രൂപീകരിക്കും

മൂന്നാര്‍ ഹില്‍ ഏരിയ അതോറിട്ടി രൂപീകരിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നാർ പ്രദേശത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കയ്യേറ്റങ്ങളിലും നിർമ്മാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും പ്രദേശത്തിന്റെ പാരിസ്ഥിതിക സവിശേഷതകൾ സംരക്ഷിക്കുന്നതിനുമായാണ് ഹിൽ ഏരിയ അതോറിട്ടി രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. 

2016ലെ കേരള ടൗൺ ആന്റ് കൺട്രി പ്ലാനിങ് ആക്ടിലെ 51-ാം വകുപ്പിൽ നിഷ്കർഷിച്ച പ്രകാരമാണ് മൂന്നാർ ഹിൽ ഏരിയ അതോറിട്ടി രൂപീകരിക്കുക. മൂന്നാർ, ദേവികുളം, മറയൂർ, ഇടമലക്കുടി, കാന്തലൂർ, വട്ടവട, മാങ്കുളം, ചിന്നക്കനാൽ പഞ്ചായത്തിലെ എട്ടും 13 ഉം വാർഡുകൾ ഒഴിച്ചുള്ള മേഖലകൾ, പള്ളിവാസൽ പഞ്ചായത്തിലെ നാലും അഞ്ചും വാർഡുകൾ എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തും. അതോറിട്ടിയുടെ ഘടന മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഈ പ്രദേശങ്ങളെ ഒരു ജോയിന്റ് ആസൂത്രണ പ്രദേശമായി പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുവാനും തീരുമാനിച്ചു. 

ജോയിന്റ് ആസൂത്രണ പ്രദേശത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് ജോയിന്റ് ആസൂത്രണ കമ്മിറ്റി രൂപീകരിക്കും. 2021ലെ കേരള നഗര‑ഗ്രാമാസൂത്രണ (മാസ്റ്റർ പ്ലാൻ രൂപീകരണവും അനുമതി നൽകലും) ചട്ടം 27(2) പ്രകാരമുള്ള അംഗങ്ങൾ ഉൾപ്പെടുന്ന ജോയിന്റ് ആസൂത്രണ കമ്മിറ്റിയുടെ ഘടനയും, മൂന്നാർ ഹിൽ ഏരിയ അതോറിട്ടിയുടെ രൂപീകരണം സംബന്ധിച്ച് വ്യവസ്ഥകളും അംഗീകരിച്ചു. നിയമനങ്ങൾ കേരള കേരള ടൗൺ ആന്റ് കൺട്രി പ്ലാനിങ് ആക്ട് ചട്ടം പ്രകാരമാണ് നടത്തുക. 

Eng­lish Sum­ma­ry; Munnar Hill Area Author­i­ty will be constituted

You may also like this video

Exit mobile version