അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം മുരളി വിജയ്. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 61 ടെസ്റ്റുകളും 17 ഏകദിനങ്ങളും ഒമ്പത് ടി20കളും കളിച്ചിട്ടുള്ള മുരളി വിജയ് 2018ലാണ് അവസാനം ഇന്ത്യൻ ജഴ്സി അണിഞ്ഞത്. ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച മുരളി 3982 റണ്‍സാണ് നേടിയത്. ഇതില്‍ 12 സെഞ്ചുറികളും 15 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 2013ല്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 167 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
2008ലെ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിൽ ഓസ്ട്രേലിയക്കെതിരെയാണ് മുരളി വിജയ് ഇന്ത്യക്കായി അരങ്ങേറുന്നത്. വിദേശ പിച്ചുകളിൽ മികച്ചുനിന്ന താരം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറികൾ നേടി. ഒരു അര്‍ധസെഞ്ചുറി മാത്രമാണ് താരം ഏകദിനത്തിൽ നേടിയത്. ആകെ 339 റൺസ്. ടി20യിൽ താരത്തിന് ഒരു അര്‍ധസെഞ്ചുറി പോലുമില്ല. 109 സ്ട്രൈക്ക് റേറ്റിൽ 169 റൺസാണ് രാജ്യാന്തര ടി-20യിൽ താരത്തിന്റെ സമ്പാദ്യം. 38 കാരനായ വിജയ് ഇപ്പോള്‍ തമിഴ്‌നാട് ടീമിനുവേണ്ടിയാണ് കളിക്കുന്നത്.
English Summary: Murali Vijay has retired from international cricket
You may like this video also