Site icon Janayugom Online

കൗമാരക്കാരന്റെ കൊലപാതകം; പാരിസില്‍ ഏറ്റുമുട്ടല്‍ രൂക്ഷം

കൗമാരക്കാരനെ വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ച് പാരിസിൽ പൊട്ടിപ്പുറപ്പെട്ട കലാപം അഞ്ചാംദിവസവും ശക്തമായി തുടരുന്നു. മാർസെ മേഖലയിലാണ് ശനിയാഴ്ച രാത്രിയിൽ രൂക്ഷമായ ഏറ്റുമുട്ടലുകളുണ്ടായത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഞായറാഴ്ച പുലർച്ചെമാത്രം 500ലധികം അറസ്റ്റുണ്ടായതായി പൊലീസ് അറിയിച്ചു. മേഖലയിലാകെ കനത്തസുരക്ഷ തുടരുകയാണ്. പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട നഹേലിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ പ്രതിഷേധം ശക്തമാകാതിരിക്കാനായി പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. 50,000ത്തിനടുത്ത് പൊലീസുകാരെ പാരിസിലാകെ വിന്യസിച്ചിട്ടുണ്ട്. പലമേഖലകളിലും അറസ്റ്റ് ഇപ്പോഴും തുടരുകയാണ്. 

കലാപകാരികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ മണിക്കൂറുകളോളമാണ് നീണ്ടുനിൽക്കുന്നത്. ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത് കൂടുതൽപ്പേരെ സ്വാധീനിക്കാൻ ഇടയാക്കുന്നുണ്ട്. പ്രക്ഷോഭകാരികള്‍ പൊലീസ് വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ച നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തു. ബാങ്കുകള്‍ കൊള്ളയടിക്കപ്പെടുന്നുണ്ടെന്നും വിവരങ്ങളുണ്ട്. പാരിസിലാകെ വിവിധ മേഖലകളില്‍ കര്‍ഫ്യു തുടരുകയാണ്. സൗത്ത് പാരിസ് ടൗണ്‍ മേയറുടെ വീട്ടിലേക്ക് പ്രക്ഷോഭകാരികള്‍ കാര്‍ ഓടിച്ചുകയറ്റി ഭാര്യയ്ക്കും മകനും പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ബസ്, ട്രാം തുടങ്ങി പൊതുഗതാഗത സംവിധാനങ്ങളൊന്നും ഇതുവരെ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. കലാപം രൂക്ഷമാകുന്നത് സമൂഹമാധ്യമങ്ങള്‍ കാരണമാണെന്ന് കഴിഞ്ഞദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ കുറ്റപ്പെടുത്തിയിരുന്നു. നഹേലിന്റെ മരണം ചിലര്‍ ഉപയോഗപ്പെടുത്തുകയാണെന്നും മക്രോണ്‍ ആരോപിച്ചു. വീഡിയോ ഗെയിമുകളുടെ സ്വാധീനമാണ് യുവാക്കളെ കലാപത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ആഫ്രിക്കന്‍ വംശജനായ നഹേല്‍ എന്ന 17 കാരനെയാണ് പാരിസിലെ നാന്‍ടെറിയില്‍ പൊലീസ് ജൂണ്‍ 27ന് വെടിവച്ച് കൊന്നത്. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനെ തുടര്‍ന്നായിരുന്നു വെടിവയ്പ്.

Eng­lish Sum­ma­ry: Mur­der of a teenag­er; Clash­es inten­si­fy in Paris
You may also like this video

Exit mobile version