കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടറെ കുത്തി കൊന്ന കുടവട്ടൂർ സ്വദേശി സന്ദീപ് മദ്യത്തിന് അടിമ. നെടുമ്പന യുപിഎസിലെ അധ്യാപകനാണിയാള്‍. സന്ദീപിന്റെ പിതാവും മാതാവും സഹോദരനും അധ്യാപകരാണ്.
രാത്രി ഒരു മണിയോടെ കുടവട്ടൂർ ചെറുക്കരക്കോണത് അധ്യാപകനായ ശ്രീകുമാറിന്റെ വീട്ടിലേക്കു തന്നെ ആരോ കൊല്ലാൻ വരുന്നെന്ന് പറഞ്ഞു സന്ദീപ് ഓടിക്കയറുകയും തുടർന്ന് കണ്‍ട്രോൾ റൂം നമ്പറിൽ പൂയപ്പള്ളി പൊലീസിനെ വിളിക്കുകയുമായിരുന്നു. പൊലീസ് എത്തി സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോൾ സന്ദീപ് മാനസിക നില തെറ്റിയ നിലയിൽ പെരുമാറിയതായി ശ്രീകുമാർ പറഞ്ഞു.
കടുത്ത മദ്യപാനവും നിരന്തരമായി വഴക്കും ഉണ്ടാക്കിയിരുന്നതിനാൽ സന്ദീപിന്റെ ഭാര്യയും രണ്ടു മക്കളും കുറച്ചു കാലമായി പിരിഞ്ഞു കഴിയുകയാണ്. വിലങ്ങറ യുപി സ്കൂളിൽ നിന്നും തസ്തിക റദ്ദാക്കിയതിനെ തുടർന്ന് 2021 ഡിസംബറിൽ നെടുമ്പന യുപി സ്കൂളിൽ സംരക്ഷിത അധ്യാപകനായി ജോലി നോക്കി വരുകയായിരുന്നു. മാർച്ച് 31 വരെ ജോലിക്ക് എത്തിയിരുന്നതായും സ്കൂൾ അധികൃതർ പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും കീഴ്പ്പെടുത്തി സന്ദീപിനെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലും പിന്നീട് ചികിത്സക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. അവിടെ ഡോക്ടർമാർ പ്രതിഷേധിച്ചതോടെ സന്ദീപിനെ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.
English Summary; Murder of female doctor; Accused Sandeep is addicted to alcohol
You may also like this video
You may also like this video