കൊല്ലപ്പെട്ട കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിന്റെ മരണത്തില്‍ ഭാര്യ പല്ലവിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മകന്‍. അമ്മ കടുത്ത മാനസിക വെല്ലുവിളി നേരിട്ടിരുന്നതായും സ്കീസോഫ്രീനിയയ്ക്ക് ചികിത്സ നേടിയിരുന്നതായും മകന്‍ കാര്‍ത്തികേഷ് പറഞ്ഞു. ഈ രോഗം കാരണമാണ് അച്ഛന്‍ ഉപദ്രവിക്കാന്‍ വരുന്നെന്ന തോന്നലുകള്‍ അമ്മയ്ക്ക് ഉണ്ടാകുന്നത്. ഓം പ്രകാശിനെ കൊലപ്പെടുത്തുമെന്ന് പല്ലവി ഭീഷണിപ്പെടുത്തിയിരുന്നു. അതിനാല്‍ത്തന്നെ അദ്ദേഹം സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കൊലപാതകം നടക്കുന്നതിന് കുറച്ച് ദിവസം മുമ്പാണ് മകള്‍ കൃതി അദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പല്ലവിയും കൃതിയും ഓം പ്രകാശുമായി വഴക്കിടുന്നത് സ്ഥിരമായിരുന്നു. അമ്മയും സഹോദരിയും വിഷാദരോഗത്തിന് അടിമകളായിരുന്നെന്നും കാര്‍ത്തികേഷ് പറഞ്ഞു.
കുടുംബം താമസിച്ചിരുന്ന ഐപിഎസ് ക്വാട്ടേഴ്സില്‍ നിന്ന് പല്ലവി നിരന്തരം ബഹളം വച്ച് ഓടുമായിരുന്നെന്നും മറ്റുള്ള വീടുകളില്‍ കയറി അസഭ്യം പറഞ്ഞിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ചയാണ് ബംഗളൂരുവിലെ വസതിയില്‍ ഓം പ്രകാശിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവസ്ഥലത്തു നിന്നും പൊട്ടിയ കുപ്പികളും കത്തിയും കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ഭാര്യ പല്ലവിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വഴക്കിനിടെ പല്ലവി ഓം പ്രകാശിനു നേരെ മുളകുപൊടി എറിയുകയും പിന്നീട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിനു പിന്നാലെ പല്ലവി മറ്റൊരു പൊലീസുകാരന്റെ ഭാര്യയെ ഫോണ്‍ ചെയ്ത് ആ രാക്ഷസനെ താന്‍ കൊലപ്പെടുത്തിയെന്ന് പറഞ്ഞിരുന്നു. അവരാണ് ബന്ധപ്പെട്ടവരെ വിവരം അറിയിച്ചത്. കൊലപാതകത്തില്‍ കൃതിയുടെ പങ്ക് സംബന്ധിച്ചും അന്വേഷണം നടന്നുവരികയാണ്.

