Site iconSite icon Janayugom Online

കശ്മീരി പണ്ഡിറ്റ് വനിതയുടെ കൊലപാതകം : 35 വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് അന്വേഷണം പുനരാരംഭിച്ചു

മുപ്പത്തി അഞ്ച് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റ് വനിതയുടെ കേസ് സംബന്ധിച്ച് അന്വേഷണം പുനരാരംഭിച്ചു. 1990 ഏപ്രിലിൽ സൗറയിലെ ഷേർ‑ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഹോസ്റ്റലിൽ നിന്ന് കാണാതായ സരള ഭട്ടിനെ ശ്രീനഗർ നഗരമധ്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ കേസിലാണ് വർഷങ്ങൾ കഴിഞ്ഞ് വീണ്ടും അന്വേഷണം നടത്തുന്നത്. കശ്മീരിലെ പല സ്ഥലങ്ങളിലും സംസ്ഥാന അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടുമായി (ജെകെഎൽഎഫ്) മുമ്പ് ബന്ധമുള്ള നിരവധി പേരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.

മുൻ ജെകെഎൽഎഫ് നേതാവ് പീർ നൂറുൽ ഹഖ് ഷായുടെ വീട്ടിലും റെയ്ഡ് നടന്നതായാണ് റിപ്പോർട്ട്. ജെകെഎൽഎഫിന്റെ മുൻ മേധാവി യാസിൻ മാലിക്കിന്റെ ശ്രീനഗറിലെ മൈസുമ പ്രദേശത്തെ വസതിയിലും റെയ്ഡ് നടന്നു. വിഘടനവാദ പ്രവർത്തനങ്ങളിലേർപ്പെട്ടതിന് ശിക്ഷിക്കപ്പെട്ട് മാലിക് നിലവിൽ തിഹാർ ജയിലിൽ തടവിലാണ്. എന്നാൽ നടപടികൾ സംബന്ധിച്ച് കൂടിതൽ വിവരങ്ങൾ അന്വേഷണ ഏജൻസി പുറത്തുവിട്ടിട്ടില്ല. ശ്രീനഗറിലെ സൗര പ്രദേശത്തുള്ള ഷേർ‑ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ നഴ്‌സായിരുന്നു സരള ഭട്ട്. 

1990 ഏപ്രിലിലാണ് സരളയെ ഹോസ്റ്റലിൽ നിന്ന് കാണാതായത്. പിന്നീട് ശ്രീന​ഗറിലെ ന​ഗരമധ്യത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടബലാത്സംഗം, വെടിയേറ്റ മുറിവുകൾ, ദിവസങ്ങളോളം നീണ്ടുനിന്ന പീഡനം എന്നിവയുൾപ്പെടെയുള്ള ക്രൂരമായ അക്രമത്തിന്റെ ലക്ഷണങ്ങൾ മൃതദേഹത്തിൽ ഉണ്ടായിരുന്നു. ജെകെഎൽഎഫുമായി ബന്ധപ്പെട്ട പ്രവർത്തകർക്ക് കൊലപാതകത്തിൽ ഉൾപ്പെട്ടതായാണ് അധികൃതർ പറയുന്നത്. 1990 കളുടെ തുടക്കത്തിൽ നടന്ന കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണം പുനരാരംഭിക്കാനുള്ള ഭരണകൂടം തീരുമാനിച്ചതോടെയാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. 

Exit mobile version