ബജ്റംഗ്ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2025 മെയ് ഒന്നിന് ഏഴ് പേർ ചേർന്നാണ് ഷെട്ടിയെ വെട്ടിക്കൊന്നത്. സമൂഹത്തിൽ ഭയം വളർത്തുന്നതിനും ഭീകരത പടർത്തുന്നതിനും പൊതുജനങ്ങളുടെ മുന്നിൽ വെച്ചാണ് കൊലപാതകം നടപ്പിലാക്കിയതെന്ന് എൻഐഎ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം കേസ് ഏറ്റെടുത്ത എൻഐഎ, കൊലപാതകത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു.
പ്രതികൾ ഷെട്ടിയുടെ പ്രവർത്തനങ്ങൾ മാസങ്ങളോളം നിരീക്ഷിച്ച ശേഷം, രണ്ട് കാറുകളിലായി പിന്തുടർന്ന് മനഃപൂർവം അപകടം ഉണ്ടാക്കുകയും രക്ഷപ്പെടാനുള്ള വഴികൾ അടയ്ക്കുകയും ചെയ്ത ശേഷം വെട്ടിക്കൊല്ലുകയായിരുന്നു എന്നും കേന്ദ്ര ഭീകരവിരുദ്ധ ഏജൻസി കൂട്ടിച്ചേർത്തു. നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ അംഗമായ അബ്ദുൾ സഫ്‌വാൻ ഉൾപ്പെടെയുള്ളവരാണ് ആക്രമണ പദ്ധതി തയ്യാറാക്കിയത്. ഇരയുമായി ശത്രുതയുണ്ടായിരുന്ന ആദിൽ എന്ന പ്രതി, കൃത്യം നടപ്പാക്കാൻ പണം നൽകിയാണ് മറ്റ് പ്രതികളെ റിക്രൂട്ട് ചെയ്തതെന്നും എൻഐഎ അറിയിച്ചു.

