Site iconSite icon Janayugom Online

മുഷ്താഖ് സ്പോട്സ് ജേർണലിസം അവാർഡ് ആർ സാംബന്

കാലിക്കറ്റ് പ്രസ് ക്ലബിന്റെ 2024ലെ മുഷ്ത്താഖ് ജേർണലിസം അവാര്‍ഡിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആര്‍ സാംബൻ അർഹനായി. സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡ് മലയാള മനോരമ കൊച്ചി യൂണിറ്റ് ഫോട്ടോഗ്രാഫര്‍ ജിബിന്‍ ചെമ്പോലക്കാണ്.
‘എവിടെ മറയുന്നു തീജ്വാലകള്‍’ എന്ന തലക്കെട്ടില്‍ 2024 സെപ്റ്റംബര്‍ 19 മുതല്‍ 25 വരെ ജനയുഗം പ്രസിദ്ധീകരിച്ച പരമ്പരയാണ് സാംബനെ അവാർഡിന് അർഹനാക്കിയത്. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി എ മുഹമ്മദ്കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെയുള്ളതാണ് 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന മുഷ്താഖ് അവാർഡുകൾ.

മാധ്യമപ്രവര്‍ത്തകരായ പി കെ രവീന്ദ്രന്‍, എ എന്‍ രവീന്ദ്രദാസ്, ടി ആര്‍ മധുകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചതെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദും സെക്രട്ടറി പി കെ സജിത്തും അറിയിച്ചു. കായികമേഖലയില്‍ ഇടുക്കി ജില്ലയുടെ കുതിപ്പും കിതപ്പും പ്രതിപാദിക്കുന്നതാണ് പരമ്പരയെന്ന് ജൂറി വിലയിരുത്തി. 32 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്തുള്ള സാംബന് ലഭിക്കുന്ന അറുപതാമത് പുരസ്കാരമാണിത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ മാധ്യമ പുരസ്‌കാരം, സരോജിനി നായിഡു പുരസ്‌കാരം, രാംനാഥ് ഗോയങ്കെ അവാര്‍ഡ്, സ്റ്റേറ്റ്സ്മാന്‍ അവാര്‍ഡ്, കുഷ്റോ ഇറാനി പുരസ്‌കാരം, സംസ്ഥാന മാധ്യമ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ഭാരതി പുരസ്‌കാരം തുടങ്ങിയ തുടങ്ങിയവ നേടി. തൊടുപുഴ കോലാനി ഓവൂര്‍ കുടുംബാംഗമാണ്. ഭാര്യ: സേതുമോള്‍. മക്കള്‍: സാന്ദ്ര, വൃന്ദ. മരുമകന്‍:എസ് അനൂപ്.

Exit mobile version