സാന്‍ഫ്രാന്‍സിസ്കോയിലെ ട്വിറ്റര്‍ ആസ്ഥാനത്ത് നടന്ന ലേലത്തില്‍ ട്വിറ്റര്‍ ലോഗോയിലുള്ള നീലനിറത്തിലുള്ള പക്ഷിയുടെ ഭീമന്‍ ശില്പവും വിറ്റഴിച്ചു. ഏറ്റവും അധികം തുകയ്ക്ക് വിറ്റഴിക്കപ്പെട്ടത് ഈ ശില്പമാണ്. 1,00,000 ഡോളറിനാണ് വിറ്റത്.
ഹെറിറ്റേജ് ഗ്ലോബൽ പാര്‍ട്നറാണ് 27 മണിക്കൂർ നടത്തിയ ലേലം സംഘടിപ്പിച്ചത്. 631 വസ്തുക്കളാണ് ലേലത്തിൽ വിറ്റത്. ഓഫിസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളുമാണ് വിറ്റഴിച്ചതെന്ന് ട്വിറ്റര്‍ അറിയിച്ചു. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പെടെ ലേലത്തില്‍ വിറ്റു.
ഏറ്റവും അധികം തുക ലഭിച്ച രണ്ടാമത്തെ വസ്തുവും ട്വിറ്റര്‍ പക്ഷിയുടെ ഒരു നിയോണ്‍ ഡിസ്‌പ്ലേയാണ്. 40,000 ഡോളറാണ് ലഭിച്ചത്. ആയിരക്കണക്കിന് മാസ്‌കുകളും നിരവധി സൗണ്ട് പ്രൂഫ് ഫോണ്‍ ബൂത്തുകളും വിറ്റു. എല്ലാ ഉപകരണങ്ങള്‍ക്കും 25 ഡോളറിലും 55 ഡോളറിലുമാണ് ലേലം തുടങ്ങിയത്. ട്വിറ്റർ ഏറ്റെടുത്തതിനുശേഷം ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തില്‍ ശക്തമായ ചെലവ് ചുരുക്കല്‍ നടപടികളാണ് നടപ്പാക്കുന്നത്. പകുതിയിലേറെ ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി വിവിധ ഓഫിസ് കെട്ടിടങ്ങളും അവിടുത്തെ ഉപകരണങ്ങളുമെല്ലാം വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാൽ സാമ്പത്തിക പരാധീനത മൂലമാണ് വസ്തുക്കൾ വിറ്റഴിക്കുന്നതെന്ന ആരോപണം ഹെറിറ്റേജ് ഗ്ലോബൽ പാർട്നർ നിഷേധിച്ചു. ട്വിറ്റർ വാങ്ങിയത് 44 ബില്യൻ ഡോളറിനാണ്. കുറച്ചു കസേരകളും ഡെസ്കുകളും കമ്പ്യൂട്ടറുകളുമാണ് വിൽക്കുന്നത്. കസേരയും മറ്റും വിറ്റ് ഇത്രയും വലിയ തുക കണ്ടെത്താനാകുമെന്ന് കരുതുന്നവർ വിഡ്ഢികളാണെന്നും എച്ച്ജിപി പ്രതിനിധി നിക് ഡോവ് പറഞ്ഞു.
മസ്ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്ററില്‍ നിന്ന് അഞ്ഞൂറിലധികം പരസ്യദാതാക്കള്‍ പിന്മാറിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
English Summary: Musk also sold Twitter’s blue bird, along with 631 other items
You may also like this video