Site iconSite icon Janayugom Online

മുസ്ലീം ലീഗ് അംഗത്വ പട്ടികയില്‍ ഷാരൂഖും, മമ്മൂട്ടിയും, ആസിഫും, മിയ ഖലീഫയും

മുസ്ലീം ലീഗിന്റെ അംഗത്വ പട്ടികയില്‍ കടന്നുകൂടി സിനിമാ താരങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ അംഗത്വപട്ടികയിലാണ് മമ്മൂട്ടി, ഷാരുഖ് ഖാൻ, ആസിഫ് അലി, മിയ ഖലീഫ എന്നിവരുെട പേരുകള്‍ ഇടം പിടിച്ചത്. വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി ലീഗ് രംഗത്തെത്തി. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിനായി ഉപയോഗിച്ച ആപ്പ് ദുരുപയോഗം ചെയ്തുവെന്നാണ് ലീഗ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ മുസ്ലീംലീഗ് അന്വേഷണം ആരംഭിച്ചു.

ഡിസംബര്‍ 31നാണ് മുസ്ലീംലീഗ് അംഗത്വ വിതരണം അവസാനിച്ചത്. വീടുകള്‍ സന്ദര്‍ശിച്ച് പാര്‍ട്ടി അംഗത്വം വിതരണം ചെയ്യാനാണ് ലീഗ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ അംഗത്വം എടുക്കുന്നവരുടെ പേരും ആധാര്‍ നമ്പരും തിരിച്ചറിയല്‍ കാര്‍ഡ് നമ്പരും ഫോണ്‍ നമ്പരും നിര്‍ദ്ദിഷ്ഠ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനും നിര്‍ദേശിച്ചു. ഇതിനായി ഒരോ വാര്‍ഡിനും സൈറ്റ് അഡ്രസും പാസ്വേര്‍ഡും നല്‍കിയിരുന്നു. അംഗത്വ വിതരണത്തിന് ശേഷം കോഴിക്കോട്ടുള്ള ഐ ടി കോര്‍ഡിനേറ്റര്‍മാരാണ് ഇത് തുറന്ന് പരിശോധിച്ചത്.

ഇങ്ങനെ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ‘ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മിയ ഖലീഫയും’ ഒക്കെ ലീഗില്‍ അംഗത്വം നേടിയത് മനസിലായത്. പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് അംഗത്വ വിതരണം നടത്തിയത് എന്നാണ് ലീഗ് പറയുന്നത്.
ആള്‍ബലമില്ലാത്ത സ്ഥലത്ത് കംപ്യൂട്ടര്‍ സെന്ററുകളെ എല്‍പിച്ചവരുണ്ടെന്ന് വിമര്‍ശനം ഉയരുകയാണിപ്പോള്‍. അതിനാലാണ്
ഇത്തരത്തില്‍ ഒരു തെറ്റ് പറ്റിയതെന്നാണ് ലീഗിന്റെ വിശദീകരണം. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജിയാണു തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ് ഓഫിസര്‍. സംഭവം ശ്രദ്ധയില്‍പെട്ടെന്നും അന്വേഷണത്തിനു നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: mus­lim league clims cyber attack
You may also like this video

Exit mobile version