Site iconSite icon Janayugom Online

യുഡിഎഫിൽ ലീഗിന്റെ മൂന്നാം സീറ്റ് മാത്രമല്ല പ്രശ്നം: ബിനോയ് വിശ്വം

യുഡിഎഫിൽ ലീഗും-കോൺഗ്രസും തമ്മിൽ മൂന്നാം സീറ്റ് മാത്രമല്ല പ്രശ്നമെന്ന് സിപിഐ സംസ്ഥാന സെക്രട്ടി ബിനോയ് വിശ്വം എം പി. കോൺഗ്രസിന്റെ നയവ്യതിയാനം ലീഗിനെ അസ്വസ്ഥരാക്കുന്നുണ്ട്. മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കേണ്ട സമയങ്ങളിൽ കോൺഗ്രസ് ഒന്നും മിണ്ടുന്നില്ല. ബാബറി മസ്ജിദിന്റെ ശ്മശാന ഭൂമിയിലാണ് ഇപ്പോഴത്തെ രാമ ക്ഷേത്രം പണിതിരിക്കുന്നത്. കോൺഗ്രസിൽ ബിജെപി ആശയങ്ങൾക്ക് സ്വാധീനം ഉണ്ടാകുന്നു.

ഗോഡ്സെയുടെ പാർട്ടി വിളിച്ചാൽ ഗാന്ധിയുടെ പാർട്ടിക്ക് ചാഞ്ചാട്ടം ഉണ്ടാകവുകയാണ്. കോൺഗ്രസിന്റെ എതിരാളികളെ അവർ തീരുമാനിക്കണം. ബിജെപി- ആർഎസ്എസ് വിരുദ്ധ രാഷട്രീയമാണ് ഇടതുപക്ഷം ഉയർത്തി പിടിക്കുന്നത്. വരാനിരിക്കുന്നത് ഒരു തൂക്കു പാർലമെന്റാണെങ്കിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിക്കായി കൈഉയർത്തും. ഇന്ത്യാ സഖ്യത്തിന് വേണ്ടി നിലകൊളളുന്നത് ഇടതുപക്ഷമാണ്. വയനാട്ടിലെ വന്യ ജീവി അക്രമങ്ങളിൽ മനുഷ്യ ജീവനുകൾക്കുതന്നെയാണ് ഒന്നാം സ്ഥാനമെന്നും ബിയോയ് വിശ്വം പറഞ്ഞു. പാർട്ടി പരിപാടികളിൽ പങ്കെടുക്കാനായി ജില്ലയിലെത്തിയ അദ്ദേഹം കൽപറ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം; കോൺഗ്രസ് ഇന്ത്യയുടെ രാഷ്ട്രീയം കാണാൻ പരാജയപ്പെട്ടു

കൽപറ്റ: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും കോൺഗ്രസ് ഇന്ത്യയുടെ രാഷ്ട്രീയം കാണുന്നതിൽ പരാജയപ്പെട്ടുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. സിപിഐ വയനാട് ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാന മത്സര വേദി കേരളമാണോ ഉത്തരേന്ത്യയാണോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്ക് മാറിയത് ദേശീയ തലത്തിൽ കോൺഗ്രസിന്റെ പരാജയത്തിന് കാരണമായി. ബിജെപി അത് പ്രചരണായുധമാക്കി. ബിജെപിയെ നേരിടാൻ കോണ്‍ഗ്രസിന് ധൈര്യമില്ലെന്ന പ്രചരണം നടത്തി. ബിജെപി അല്ല ഇടതുപക്ഷമാണ് കോൺഗ്രസിന്റെ മുഖ്യ ശത്രുവെങ്കിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം വിജയൻ ചെറുകര അധ്യക്ഷനായി. ദേശീയ എക്സിക്യുട്ടീവ് അംഗം പി സന്തോഷ് കുമാർ എം പി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി വി ബാലൻ, സംസ്ഥാന കൗൺസിൽ അംഗം പി കെ മൂർത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ സി എസ് സ്റ്റാൻലി, പി എം ജോയി എന്നിവര്‍ പ്രസംഗിച്ചു.

Eng­lish Sum­ma­ry: mus­lim-league congress
You may also like this video

Exit mobile version